ആന്ധ്രയിൽ സമരവേദിയിലേക്ക് ലോറി ഇടിച്ചുകയറി 20 മരണം; മൃതദേഹങ്ങള്‍ ഛിന്നഭിന്നമായെന്ന് റിപ്പോര്‍ട്ട്

വെള്ളി, 21 ഏപ്രില്‍ 2017 (17:09 IST)
ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കർഷകർ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി ഇടിച്ചുകയറി 20 പേർ മരിച്ചു. 15ഓളം പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ചിറ്റൂരിലെ ശ്രീകലാഹാസ്തി പ്രദേശത്തെ പഴം പച്ചക്കറി മാർക്കറ്റിനടുത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറിയ ശേഷം സമരത്തിനിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ചിലർ ലോറിയുടെ ടയറിനടിയിൽപ്പെട്ടും മറ്റുള്ളവർ പോസ്റ്റു തകർന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചത്.

വൈദ്യുതി പോസ്റ്റ് മറിഞ്ഞതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് കൂടുതൽ പേർ മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ജയലക്ഷ്മി പറഞ്ഞു. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായെന്നാണ് റിപ്പോര്‍ട്ട്. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

സിഐക്കും എസ്ഐക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മുനഗലപാലം ഗ്രാമവാസികളാണ് മരിച്ചവരിൽ അധികവും. ഗ്രാമത്തിൽനിന്ന് അനധികൃതമായി മണൽ കയറ്റി അയയ്ക്കുന്നതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തിയവരായിരുന്നു ഗ്രാമീണർ.

വെബ്ദുനിയ വായിക്കുക