ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ ജോലി നഷ്ടപ്പെട്ട ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ നാട്ടില്‍ മടങ്ങിയെത്തി. കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ അറിയിച്ചതാണിത്.
വിദേശ രാജ്യങ്ങളിലെ തൊഴിലുടമകള്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുന്ന സംഭവങ്ങള്‍ 50 ശതമാനമായി കുറഞ്ഞതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് ഏത് കാലയളവിലാണെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
ചില വിദേശ തൊഴിലുടമകളും ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ വിസ സൂക്ഷിക്കുകയും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി വിസ പുതുക്കി നല്‍കാതിരിക്കുന്നതും സംബന്ധിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് രവി അറിയിച്ചു. ഇത് സംബന്ധിച്ച് അതത് രാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഇത് സംബന്ധിച്ച് അവിടത്തെ തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ള കാര്യം മന്ത്രി ചൂണ്ടിക്കാട്ടി.
കുടിയേറ്റ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതിനെക്കുറിച്ച് മന്ത്രി ഊന്നിപ്പറഞ്ഞു. 1983ലാണ് നിയമത്തില്‍ അവസാനമായി ഭേദഗതി വരുത്തിയത്. വിദേശങ്ങളില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചു വരുന്നതായും വയലാര്‍ രവി അറിയിച്ചു.