“ലാലു മാജിക്” പഴങ്കഥ, ടിക്കറ്റ് നിരക്ക് കൂടും

തിങ്കള്‍, 8 ഓഗസ്റ്റ് 2011 (09:01 IST)
PTI
റയില്‍‌വെയ്ക്ക് 20,000 കോടി രൂ‍പ ലാഭമുണ്ടാക്കിയാണ് താന്‍ പടിയിറങ്ങിയത് എന്ന ഒന്നാം യുപി‌എ സര്‍ക്കാരിലെ റയില്‍‌വെ മന്ത്രി ലാലു പ്രസാദ് യാദവിന്റെ അവകാശവാദം രണ്ടാം യുപി‌എ സര്‍ക്കാരിന് പരസ്യമായി തള്ളിക്കളയേണ്ടി വരും. സി‌എജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ റയില്‍‌വെ മന്ത്രാലയം നിര്‍ബന്ധിതമാവുന്നു.

ലാലുവിന്റെ കണക്കിലെ കളിക്കെതിരെ മുന്‍ റയില്‍‌വെമന്ത്രി മമത ബാനര്‍ജി ധവളപത്രമിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി‌എജി റിപ്പോര്‍ട്ടില്‍ യാത്രക്കൂലിയും ചരക്ക് കൂലിയും വര്‍ദ്ധിപ്പിച്ച് ധനമാനേജ്മെന്റ് മെച്ചപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. ഈ അവസരത്തില്‍, ഉയര്‍ന്ന ക്ലാസുകളിലെ നിരക്കും ചരക്ക് കൂലിയും വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

കഴിഞ്ഞ എട്ട് വര്‍ഷമായി റയില്‍‌വെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. 2008-09 വര്‍ഷത്തില്‍ 14,000 കോടി രൂപയോളമാണ് ടിക്കറ്റിനത്തില്‍ റയില്‍‌വെയ്ക്ക് നഷ്ടമായത്. കഴിഞ്ഞ അഞ്ച് വര്‍ഷം ലാഭകരമല്ലാത്ത പാതകളില്‍ സര്‍‌വീസ് നടത്തിയ ഇനത്തില്‍ റയില്‍‌വെയുടെ നഷ്ടം 3,222 കോടി രൂപയാണ്. ചരക്ക് വരുമാനത്തില്‍ കൂടുതലും യാത്രാ നിരക്ക് മൂലം ഉണ്ടാകുന്ന നഷ്ടത്തെ മറികടക്കാനാണ് റയില്‍‌വെ ഉപയോഗിച്ചിരുന്നത്.

വെബ്ദുനിയ വായിക്കുക