റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറിന്റെ സിരാകേന്ദ്രമായ ലാല്‍ ചൌക്കില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ബിജെപിയുടെ ശ്രമം തടയുമെന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷത്തിനു വിഘാതമാവുന്ന ഒന്നും അനുവദിക്കില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.
ജമ്മുവില്‍ ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ യോഗത്തിനു ശേഷമാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നയം പ്രഖ്യാപിച്ചത്. പതാക ഉയര്‍ത്തല്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഒമര്‍ ന്യൂഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായും ആഭ്യന്തര മന്ത്രി പി ചിദംബരവുമായും ചര്‍ച്ച നടത്തിയിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കുന്ന രീതിയിലുള്ള യാതൊന്നും അനുവദിക്കരുത് എന്ന് ഒമര്‍ അബ്ദുള്ള വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സിവില്‍, പൊലീസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ച നടത്തുന്ന “രാഷ്ട്രീയ ഏകതാ മാര്‍ച്ച്” റിപ്പബ്ലിക് ദിനത്തില്‍ ജമ്മുവിലേക്കുള്ള പ്രവേശന കവാടമായ ലഖന്‍പൂരില്‍ വച്ച് തടയാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അതേപോലെ, റിപ്പബ്ലിക് ദിനത്തില്‍ നഗരത്തില്‍ കരിങ്കൊടികള്‍ ഉയര്‍ത്താനുള്ള വിഘടനവാദികളുടെ നീക്കം തടയുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.