‘മോഡിയോട് അമേഠിയിലെ വോട്ടര്‍മാര്‍ പകരം ചോദിക്കും’

ചൊവ്വ, 6 മെയ് 2014 (09:24 IST)
തന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ചവരോട് അമേഠിയിലെ   വോട്ടര്‍മാര്‍  പകരം ചോദിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ജനം ഒരിക്കലും അവര്‍ക്ക് മാപ്പു നല്‍കുകയില്ലെന്ന്  ബിജെപി നേതാക്കളെ പേരെടുത്തു പറയാതെ പ്രിയങ്ക അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. അമേഠിയെ പ്രതിനിധീകരിച്ചിരുന്ന രാജീവ് ഗാന്ധിയെ മോഡി അധിക്ഷേപിച്ചതിനുള്ള 
മറുപടിയായിട്ടാണ് പ്രിയങ്ക ഇങ്ങനെ പറഞ്ഞത്.
 
കഴിഞ്ഞ 40 വര്‍ഷമായി ഗാന്ധി കുടുംബത്തിലെ നേതാക്കള്‍ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു  അമേഠിയില്‍ നരേന്ദ്രമോഡിയുടെ ആരോപണം. അമേഠിയില്‍ പ്രചരണം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബിജെപി സ്ഥാനാര്‍ത്ഥി സ്‌മൃതി ഇറാനിക്കുവേണ്ടി നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോഡി.
 
ഗാന്ധി കുടുംബം വലിയ പാപമാണ് അമേഠിക്കാരോട് ചെയ്‌തത്. മണ്ഡലത്തിലെ മൂന്നു തലമുറകളെയാണ് അവര്‍ വഞ്ചിച്ചത്. അവരുടെ സ്വപ്‌നങ്ങള്‍ ചവിട്ടിയരച്ചു. രാജീവ് ഗാന്ധി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ മുന്‍ ആന്ധ്രാ മുഖ്യമന്ത്രി  ടി ആഞ്ജയ്യയെ വിമാനത്താവളത്തില്‍ വച്ച് പരസ്യമായി അപമാനിച്ചു. പാര്‍ട്ടിയുടെ നേതൃത്വം കയ്യാളാന്‍ സീതാറാം കേസരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാവാണ് സോണിയ ഗാന്ധി. 
 
പിവി നരംസിംഹ റാവുവിനോട് നെറികേടാണ് കാട്ടിയത്. റാവുവിന് ഡല്‍ഹിയില്‍ അന്ത്യവിശ്രമത്തിനു ഒരു തുണ്ടു ഭൂമി പോലും നല്‍കിയില്ല. രാഹുല്‍ ഗാന്ധിയാവട്ടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് കീറികളയണമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും അപമാനിച്ചു. ഇപ്പോള്‍ താനും അതിനിരയാകുന്നു. നാലു ദിവസം കൂടി ബാക്കിയുണ്ട്. പരമാവധി തന്നെ ആക്രമിച്ചോളൂ എന്നും മോഡി പറഞ്ഞു.

വെബ്ദുനിയ വായിക്കുക