‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്’ നിര്‍ത്തിവച്ചെന്ന് ഒറീസ

ശനി, 19 ഫെബ്രുവരി 2011 (18:43 IST)
മാവോയിസ്റ്റുകള്‍ ബന്ധിയാക്കിയിരിക്കുന്ന മാല്‍ക്കങ്കിരി ജില്ലാ കളക്‌ടര്‍ ആര്‍ വിനീല്‍ കൃഷ്ണയെ മോചിപ്പിക്കുന്നത് വരെ ‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്’ നിര്‍ത്തിവച്ചതായി ഒറീസ സര്‍ക്കാര്‍ അറിയിച്ചു. കളക്‌ടറെ മോചിപ്പിക്കുന്നതിനായി സര്‍ക്കാരുമായി മാവോയിസ്റ്റുകള്‍ തെരഞ്ഞെടുത്ത മധ്യസ്ഥര്‍ ശനിയാഴ്ച ചര്‍ച്ച നടത്തും. മധ്യസ്ഥര്‍ രണ്ടുപേരും ആന്ധപ്രദേശുകാ‍രാണ്.

റിട്ടയേര്‍ഡ് പ്രൊഫസര്‍മാരായ സോമേശ്വര്‍ റാവു, ഹര്‍ഗോപാല്‍ എന്നിവരേയാണ് മധ്യസ്ഥരായി മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് മാവോയിസ്റ്റുകളുമായി യാതൊരു ബന്ധവുമില്ലെന്നും മാധ്യമങ്ങളില്‍ക്കൂടിയാണ് തങ്ങളിക്കാര്യം അറിഞ്ഞതെന്നും ഇവര്‍ അറിയിച്ചിരുന്നു. മധ്യസ്ഥത വഹിക്കുന്നതിന് സമ്മതമുണ്ടെങ്കിലും അതുകഴിഞ്ഞാല്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തങ്ങളെ വേട്ടയാടരുതെന്നും ഇവര്‍ പറഞ്ഞു.

ഇതിനിടെ തനിക്ക് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കോടതിയിലെത്തി. മാല്‍ക്കങ്കിരി ജയിലില്‍ കഴിയുന്ന ശ്രീനിവാസ് ശ്രീരാമലു വാണ് ജില്ലാ അതിവേഗ കോടതിയെ സമീപിച്ചത്. മാവോയിസ്റ്റുകള്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട ഏഴു പേരില്‍ ഒരാളാണ് ഇദ്ദേഹം. ഇയാള്‍ ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് കേവലം യാദൃച്ഛികത അല്ലെന്നും ഒറീസാ സര്‍ക്കാരും മാവോയിസ്റ്റുകളും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മധ്യസ്ഥര്‍ എത്തിയാലുടനെ മാവോയിസ്റ്റുകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു. എന്നാല്‍ ജാമ്യാപേക്ഷയെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി വിസമ്മതിച്ചു. അതേസമയം സംസ്ഥാനത്ത് ഗ്രീന്‍‌ഹണ്ട് ഓപറേഷന്‍ നിര്‍ത്തിവെച്ചതായും മന്ത്രി പറഞ്ഞു.

ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഗുമ്മ ബ്ലോക്കില്‍ ഒരു പൊതുജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് കളക്ടറെയും രണ്ട് എഞ്ചിനിയര്‍മാരെയും മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. മോചിപ്പിച്ച ഒരു എഞ്ചിനിയറുടെ കൈവശമാണ് മുന്നറിയിപ്പ് സന്ദേശം എത്തിച്ചത്.

മുപ്പത്തിയൊന്നുകാരനായ വിനീല്‍ കൃഷ്ണ 2005 മുതല്‍ സര്‍വീസിലുണ്ട്. പതിനാറ് മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ മാല്‍ക്കങ്കിരി കളക്‌ടറായി ചുമതലയേറ്റത്. കൃഷ്ണയോടൊപ്പം കാണാതായവരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരാണ്. ഇതില്‍ ഒരാളെ ഇന്നലെ വിട്ടയച്ചിരുന്നു. നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്’ നിര്‍ത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഒരു കുറിപ്പും ഇയാളുടെ കൈവശം കൊടുത്തുവിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക