ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും സി പി എമ്മിനും ഇന്നലെ ചരിത്രത്തിലെ തന്നെ നിര്‍ണായക ദിവസമായിരിന്നു. ചരിത്രപ്രസിദ്ധമായ ഒരു പ്രഖ്യാപനമാണ് ഇന്നലെ ബുദ്ധദേവ് നടത്തിയത്. കോൺഗ്രസ്-സി പി എം സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സി പി എമ്മിന്റെ ബംഗാളിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായ ബുദ്ധദേവ്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ ചൗധരി ത്രിവർണ ഷാൾ കഴുത്തിൽ അണിയിച്ചുകൊണ്ടാണ് സി പി എമ്മിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ ബുദ്ധദേവിനെ സ്വീകരിച്ചത്.
ആവേശത്തൊടെ കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് ബുദ്ധദേവ് പ്രസംഗിച്ചു തുടങ്ങി. ‘ഇങ്ങനെയൊരു ദിവസം വരുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. ഞാൻ രാഹുൽ ഗാന്ധിയുമായി സഖ്യമുണ്ടാക്കുന്നു. ഇത് ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയാണ്. രാജ്യത്തും ബംഗാളിലും അപകടകരമായ അവസ്ഥയാണ്. അതിനാൽ ചെങ്കൊടിയും ത്രിവർണ പതാകയും കൂട്ടിക്കെട്ടുന്നത് എന്നെ ആഹ്ലാദിപ്പിക്കുന്നു’- ബുദ്ധദേവ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്-സി പി എം സഖ്യം മികച്ച വിജയം നേടുമെന്നും ബുദ്ധദേവ് പറഞ്ഞു.
വേദിയില്‍ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് എം പി പ്രദീപ് ഭട്ടാചാര്യയ്ക്കും നടുവിലായിരുന്നു ബുദ്ധദേവ് ഇരുന്നത്. വേദിയില്‍ മറ്റ് നേതാക്കള്‍ സംസാരിക്കുമ്പോള്‍ നീണ്ട ചര്‍ച്ചയിലായിരുന്നു ബുദ്ധദേവും രാഹുലും. രണ്ട് പാർട്ടികളുടെ നേതാക്കളാണെന്ന കാര്യം മറന്ന മട്ടിലായിരുന്നു ഇരുവരുടെയും സംഭാഷണം. എന്നാല്‍ സി പി എമ്മിന്റെ മറ്റ് പ്രമുഖ നേതാക്കള്‍ ഒന്നും ചടങ്ങില്‍ പങ്കെടുത്തില്ല.