ഹെലികോപ്ടര്‍ ഇടപാട്: ത്യാഗിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തു
ബുധന്‍, 6 മാര്‍ച്ച് 2013 (17:37 IST)
PTI
PTI
ഹെലികോപ്ടര്‍ ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിയുടെ ബന്ധുക്കളെ സിബിഐ ചോദ്യം ചെയ്തു. ജൂലി ത്യാഗി, ഡോസ്‌ക് ത്യാഗി എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഇടപാടിലെ ഇടനിലക്കാരുമായി ത്യാഗിയുടെ ബന്ധുക്കള്‍ക്ക് ബന്ധമുണ്ട് എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ഇവര്‍ സിബിഐയുടെ ചോദ്യങ്ങളോട് സഹകരിച്ചു എന്നാണ് വിവരം.
ത്യാഗിയും മൂന്ന് ബന്ധുക്കളും നേരത്തെ ആരോപണം നിഷേധിച്ചിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികളുടെ സുരക്ഷയ്ക്കായി 2010ല്‍ ഇറ്റലിയില്‍ നിന്ന് വാങ്ങിയ ഹെലികോപ്ടറുമായി ബന്ധപ്പെട്ട അഴിമതിയാണ് ഇറ്റാലിയന്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലൂടെ പുറത്തുവന്നത്. ഇറ്റലിയിലെ പ്രതിരോധനിര്‍മാണ കമ്പനിയായ ഫിന്‍മെക്കാനിക്കയും ഇന്ത്യയും തമ്മില്‍ 4000 കോടിയോളം രൂപയുടെ ഇടപാടാണ് നടത്തിയത്. ‘അഗസ്താ വെസ്റ്റ്‌ലന്‍ഡ്‌സ്' എന്നു പേരുള്ള 12 ഹെലികോപ്റ്ററുകള്‍ വില്‍ക്കാനായിരുന്നു കരാര്‍.
എന്നാല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രതിരോധ ഗ്രൂപ്പായ ഫിന്‍ മെക്കാനിക്ക് മേധാവി ജോസഫ് ഓര്‍സിയെ ഇറ്റാലിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജോസഫ് ഓര്‍സി 51 മില്യണ്‍ യൂറോ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രണ്ട് ഇടനിലക്കാരും അറസ്റ്റിലായി.
ഇറ്റലിയുടെ അന്വേഷണത്തില്‍ ത്യാഗിയുടെ പങ്കിനെക്കുറിച്ച് സൂചനയുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ത്യാഗിയുടെ ഉറ്റബന്ധുക്കളായ സന്ദീപ് ത്യാഗി, ജൂലി, ഡോക്‌സ എന്നിവര്‍ ഒരു ലക്ഷം യൂറോ വീതം ഇറ്റാലിയന്‍ കമ്പനിയില്‍ നിന്ന് കോഴ വാങ്ങി എന്നായിരുന്നു വിവരം. അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം പുരോഗമിക്കുകയാണിപ്പോള്‍.