ഹുസൈന്‍റെ കാഴ്ചശക്തി കൂട്ടിയ അനുഷ്ക!

വ്യാഴം, 6 ജനുവരി 2011 (16:37 IST)
IFM
ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയോടുള്ള ആരാധന ചിത്രകാരന്‍ എം എഫ് ഹുസൈന്റെ കാഴ്ചശക്തി കൂട്ടി! ഇരുപത്തിരണ്ടുകാരി അനുഷ്കയോടുള്ള ആരാധന മൂത്ത തൊണ്ണൂറ്റിയഞ്ചുകാരനായ ഹുസൈന്‍ അവരുടെ ഏറ്റവും പുതിയ ചിത്രം എട്ട് തവണ കണ്ടു, കണ്ണട ഉപയോഗിക്കാതെ!

കണ്ണട ഉപയോഗിക്കാതെ ‘ബാന്‍ഡ് ബജാ ഭാരത്’ എന്ന റൊമാന്റിക് കോമഡി കണ്ട ശേഷം ഹുസൈന്‍ അഭിപ്രായപ്പെടുന്നത് അനുഷ്കയെ കണ്ടപ്പോള്‍ മുതല്‍ തന്റെ കാഴ്ച ശക്തി വര്‍ദ്ധിച്ചു എന്നാണ്.

മുമ്പ്, മാധുരി ദീക്ഷിതിന്റെ സൌന്ദര്യത്തില്‍ മയങ്ങിയ ഹുസൈന്‍ അവര്‍ അഭിനയിച്ച ‘ഹം ആപ്കെ ഹൈ കോന്‍’ എന്ന ചിത്രം 73 തവണയാണ് കണ്ടത്! പിന്നീട്, ടബു ആയിരുന്നു ഹുസൈന്റെ ആരാധനാപാത്രം. ടബുവിനു ശേഷം അമൃത റാവുവിന്റെ ശാലീനസൌന്ദര്യത്തില്‍ ആകൃഷ്ടനായ ഹുസൈന്‍ അവര്‍ അഭിനയിച്ച ചിത്രം 20 തവണ കണ്ടു. ഇപ്പോളിതാ അനുഷ്കയും ഹുസൈന്റെ മനമിളക്കിയിരിക്കുന്നു.

പുതുവര്‍ഷ ദിനത്തിലായിരുന്നു ദുബായില്‍ ഉള്ള ഹുസൈനും കുടുംബവും അനുഷ്കയുടെ പുതിയ ചിത്രം കണ്ടത്. അഭിനയത്തികവിന്റെ സൂക്ഷ്മ വശങ്ങളെ കുറിച്ച് അനുഷ്കയ്ക്ക് നല്ല അറിവുണ്ടെന്നാണ് ഹുസൈന്റെ കമന്റ്.

വെബ്ദുനിയ വായിക്കുക