സ്വവര്‍ഗ രതിക്കെതിരെ ലാലു പ്രസാദ്

ശനി, 4 ജൂലൈ 2009 (19:05 IST)
സ്വവര്‍ഗ രതി നിയമാനുസൃതമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. കേന്ദ്രം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണം എന്ന് ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടു.

സ്വവര്‍ഗ രതി ഒരു വിധത്തിലും അംഗീകരിക്കരുത്. കേന്ദ്രം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കണം. സ്വവര്‍ഗരതിയെ അതിശക്തമായി എതിര്‍ക്കുന്നു എന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ലാലു പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 377ല്‍ ഭേദഗതി നടത്തരുത് എന്നും ലാലു ആവശ്യപ്പെട്ടു.

സ്വവര്‍ഗ രതി ഇപ്പോഴും ഒരു ക്രിമിനല്‍ കുറ്റമാണെന്നും ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തില്‍ അനുവദിക്കരുത് എന്നും ലാലു പറഞ്ഞു. അശ്ലീലപരമായ ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ അനുവദിക്കരുത്. സര്‍ക്കാരുകള്‍ക്ക് സമൂഹത്തോട് വളരെ വലിയ ഉത്തരവാദിത്തമാണ് ഉള്ളത്. സ്വവര്‍ഗ രതി നമ്മുടെ സമൂഹത്തിനും സംസ്കാരത്തിനും യോജിച്ചതല്ല എന്നും ലാലു പ്രസാദ് പറഞ്ഞു.

വ്യാഴാഴ്ചയാണ് സ്വവര്‍ഗ രതി നിയമപരമാക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മറ്റുള്ളവര്‍ക്ക് എന്ന പോലെ സ്വവര്‍ഗ പ്രേമികളായ മുതിന്നവര്‍ക്കും ശാരീരിക ബന്ധം പുലര്‍ത്താനുള്ള അവകാശം ഉണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക