സ്വദേശിവല്‍ക്കരണം: ഖുര്‍ഷിദ് സൌദിയ്ക്ക്

ചൊവ്വ, 9 ഏപ്രില്‍ 2013 (12:28 IST)
PRO
PRO
സൗദി സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദിയിലേക്ക്. ഏപ്രില്‍ ഒടുവില്‍ ആയിരിക്കും ഖുര്‍ഷിദിന്റെ യാത്ര എന്നാണ് റിപ്പോര്‍ട്ട്. പ്രവാസികാര്യമന്ത്രി വയലാര്‍ രവി, മന്ത്രി ഇ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം സൌദിയ്ക്ക് പോകുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഖുര്‍ഷിദിന്റെ യാത്ര.

സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട നിതാഖത് നിയമം നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സൌദി രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ മൂന്ന് മാസ കാലയളവിനിടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിയ്ക്കുന്നത്. സൗദി തൊഴില്‍മന്ത്രി ഇപ്പോള്‍ രാജ്യത്തില്ല. ശനിയാഴ്ച അദ്ദേഹം തിരിച്ചെത്തിയശേഷമായിരിക്കും കേന്ദ്രമന്ത്രിതല സംഘം സൌദിയിലേക്ക് പുറപ്പെടുക.

സ്വദേശിവത്കരണത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച പ്രധാനമന്ത്രിയെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിമാരായ കെഎം മാണിയും കെസി ജോസഫും ഒപ്പമുണ്ടായിരുന്നു.
ആവശ്യമായ യാത്രാ രേഖകളില്ലാത്തതിനാല്‍ സൗദിയില്‍ അറസ്റ്റിലായവരെ തിരികെ നാട്ടിലേയ്ക്കെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്നും നിതാഖത്ത് നിയമം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യവും പ്രധാനമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ കേരളം ഉന്നയിച്ചിട്ടുണ്ട്. മലയാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക