സ്റ്റാലിന്‍റെ വീട്ടില്‍ റെയ്ഡ്: സോണിയയ്ക്ക് അതൃപ്തി

വ്യാഴം, 21 മാര്‍ച്ച് 2013 (13:22 IST)
PTI
കരുണാനിധിയുടെ മകനും ഡി എം കെ ട്രഷററുമായ എം കെ സ്റ്റാലിന്‍റെ വീട്ടില്‍ സി ബി ഐ റെയ്ഡ് നടത്തിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അതൃപ്തി. സി ബി ഐയുടെ ഈ നടപടിയില്‍ സോണിയ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സി ബി ഐ റെയ്ഡില്‍ കേന്ദ്രമന്ത്രി പി ചിദംബരവും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിന് പിന്തുണ പിന്‍‌വലിച്ചതിന് പിന്നാലെ സി ബി ഐ റെയ്ഡ് നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാകാമെന്ന ആരോപണം ശക്തമാണ്. യു പി എ സര്‍ക്കാര്‍ സി ബി ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതായി ഈ നീക്കം. അതുകൊണ്ടുതന്നെ അനുചിതമായ സമയത്താണ് സി ബി ഐ റെയ്ഡ് നടത്തിയതെന്ന നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വം രക്ഷപ്പെടാനൊരുങ്ങുകയാണ്.

എന്നാല്‍, സ്റ്റാലിന്‍റെ വീട്ടില്‍ നടന്ന സി ബി ഐ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് കരുതുന്നില്ലെന്നാണ് കരുണാനിധി പ്രതികരിച്ചത്. ഇത്തരം മയപ്പെട്ട ഒരു പ്രസ്താവന നടത്താന്‍ കരുണാനിധിയെ പ്രേരിപ്പിച്ച വസ്തുതയെന്തെന്നാണ് തമിഴകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതൊരു സൂചനയാണെന്നും കനിമൊഴിയും എ രാജയുമൊക്കെ ഇനി കേന്ദ്രസര്‍ക്കാരിന്‍റെ പകപോക്കലിണ് ഇരയാകേണ്ടിവരുമെന്നും കരുണാനിധി ഭയക്കുന്നുണ്ടാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

‘ഒരു കല്‍ ഒരു കണ്ണാടി’ എന്ന സിനിമയുടെ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി മൂന്ന് ഹമ്മര്‍ കാറുകള്‍ സ്റ്റാലിന്‍റെ മകന്‍ ഉദയാനിധി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിലാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഡല്‍ഹിയില്‍ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഒരു മണിക്കൂറോളം നീണ്ട റെയ്ഡ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇടപെടല്‍ മൂലം സി ബി ഐക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു.

വെബ്ദുനിയ വായിക്കുക