സ്ഫോടനത്തിന് എപ്പോഴും സൈക്കിള്‍; ഇന്ത്യന്‍ മുജാഹിദ്ദീന്റെ വ്യത്യസ്ത തന്ത്രങ്ങള്‍!

ശനി, 23 ഫെബ്രുവരി 2013 (12:24 IST)
PTI
PTI
ഹൈദരാബാദിനെ നടുക്കിയ ഇരട്ട സ്ഫോടനങ്ങള്‍ വിരല്‍‌ചൂണ്ടുന്നത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയിലേക്കാണ്. 16 പേരുടെ ജീവനെടുത്ത ഈ സ്ഫോടനങ്ങള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ മുമ്പ് രാജ്യത്ത് നടത്തിയിട്ടുള്ള സ്ഫോടനങ്ങള്‍ക്ക് സമാനമാണ് എന്നത് തന്നെ കാരണം. ഇന്ത്യന്‍ മുജാഹിദ്ദീന്റെ ആക്രമണ ശൈലിയുമായി ഹൈദരാബാദ് സ്ഫോടനങ്ങള്‍ക്ക് സാമ്യമുണ്ട്. ടിഫിന്‍ബോക്‌സിലും സൈക്കിളിലുമാണ് ദില്‍സുഖ് നഗറില്‍ ബോംബുകള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ ഇവര്‍ മുമ്പ് ഏഴ് സ്ഫോടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഉപയോഗിച്ച വസ്തുക്കള്‍ തമ്മിലും സാമ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി വിലയിരുത്തുന്നു.

പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ റിയാസ് ഭട്കല്‍ ആണ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍ എന്നാണ് നിഗമനം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസീന്‍ ഭട്കലും സ്ഫോടനം ആസൂത്രണം ചെയ്യുന്നതിന് സഹായിച്ചു എന്നും കരുതപ്പെടുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍-ലക്ഷര്‍ ഈ തോയ്ബ കൂട്ടുകെട്ട് ആണ് ഹൈദരാബാദില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത് എന്നും ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നു.

2011 ജൂലൈയില്‍ മുംബൈയില്‍ നടന്ന സ്ഫോടനം ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി സ്ഫോടനങ്ങളുടെ ബുദ്ധികേന്ദ്രം ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ ഭക്ടല്‍ സഹോദരന്മാരാണെന്ന്(റിയാസ് ഭട്കല്‍, സഹോദരന്‍ ഇക്ബാല്‍ ഭട്കല്‍) അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചിരുന്നു. 2003-ന് ശേഷം ഇന്ത്യയിലെ വിവിധ നഗരങ്ങളെ നടുക്കിയ സ്ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്തത് ഭട്കല്‍ സഹോദരന്മാരാണ്. റിയാസ് ഭട്കലിനെ പിടികൂടാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിം കഴിഞ്ഞാള്‍ ഇന്ത്യ തിരയുന്ന രണ്ടാമത്തെ കൊടുംഭീകരനാണ് റിയാസ് ഭട്കല്‍. ഇന്ത്യന്‍ മുജാഹിദ്ദീന്റെ ചിറകരിയുന്നതില്‍ നമ്മുടെ അന്വേഷണസംഘങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ്.

പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയാണ് റിയാസ് ഭട്കലും കൂട്ടരും ഇപ്പോള്‍. റിയാസ് ഭട്കലിന്റെ സംഘത്തില്‍ രണ്ട് മലയാളികളുമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍, ആലുവ സ്വദേശികള്‍ ആണിവര്‍. പാക് ചാര​സംഘടനയായ ഐഎസ്ഐയുടെ സുരക്ഷാവലയത്തില്‍ ആണ് ഭട്കലും കൂട്ടാളുകളും എന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 25-നും 35-നും ഇടയില്‍ പ്രായമുള്ള കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍, ബിരുധധാരികള്‍ എന്നിവരെ മികച്ച പ്രതിഫലം നല്‍കി ആകര്‍ഷിക്കുക എന്നതാണ് ഇന്ത്യന്‍ മുജാഹിദീന്റെ രീതി. ഇവര്‍ക്ക് സ്ഫോടനം നടത്താന്‍ സാമ്പത്തിക സഹായം നല്‍കുന്നതും ഇവരുടെ നീക്കങ്ങള്‍ റിമോര്‍ട്ട് കണ്‍‌ട്രോള്‍ മാതൃകയില്‍ നിയന്ത്രിക്കുന്നതും പാകിസ്ഥാനില്‍ നിന്നാണ്. 2002 മുതല്‍ ഈ ഭീകരസംഘടന പ്രവര്‍ത്തിക്കുന്നു.

പ്രത്യേക രീതിയിലാണ് ഇവരുടെ ആക്രമണം. ചില പ്രത്യേക വസ്തുക്കള്‍ മാത്രമാണ് ഇവര്‍ എല്ലാ സ്ഫോടനങ്ങള്‍ക്കും ഉപയോഗിക്കുന്നത്. സൈക്കിളുകളില്‍ ആണ് ഇത് സ്ഥാപിക്കുക. സൈക്കിളില്‍ വാങ്ങാനും കൊണ്ടുപോകാനും എളുപ്പമാണ്. അതിന് റജിസ്ട്രേഷനും മറ്റ് പേപ്പറുകളും ആവശ്യമില്ല. മലയാളികള്‍ ഉള്‍പ്പെടെ തെക്കെ ഇന്ത്യയില്‍ നിന്നുള്ളവരെയാണ് ഇവര്‍ ഏറെയും റിക്രൂട്ട് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക