കൊട്ടും കുരവയുമായി നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് കല്യാണം നടത്താനുള്ള സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ സ്വപ്നം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തകര്‍ത്തു. നാമനിര്‍ദേശ പത്രിക നല്‍കുന്ന ദിവസം തന്നെ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിവാഹിതനാവാന്‍ തീരുമാനിച്ച ഫൈസാബാദിലെ എസ്പി സ്ഥാനാര്‍ഥി പവന്‍ പാണ്ഡെയാണ് വെട്ടിലായത്.
പരമാവധി നൂറു പേരെ പങ്കെടുപ്പിച്ച് വിവാഹസത്കാരം നടത്താനാണ് പാണ്ഡെയോട് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജനുവരി 18-നാണ് പാണ്ഡെ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. അന്ന് തന്നെയാണ് വിവാഹവും. 30,000 പേരെ ക്ഷണിച്ച് അവര്‍ക്ക് സമ്മാനങ്ങളും ഭക്ഷണവും നല്‍കാനായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നത്. 16 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവച്ചത്. എന്നാല്‍ ഈ തുക തെരഞ്ഞെടുപ്പ് ചെലവില്‍പ്പെടുത്തുമെന്നാണ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിവാഹത്തിന്റെ മറപിടിച്ച് വോട്ട് നേടാന്‍ ശ്രമിക്കേണ്ട എന്ന നിലപാടിലാണ് കമ്മിഷന്‍.
ആറു മാസം മുമ്പ് തന്നെ വിവാഹതീയതി തീരുമാനിച്ചിരുന്നു എന്നും തെരഞ്ഞെടുപ്പ് പിന്നീടാണ് പ്രഖ്യാപിച്ചതെന്നും പാണ്ഡെ വാദിക്കുന്നു. വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമല്ലേ എന്നും ഈ യുവ സ്ഥാനാര്‍ഥി ചോദിക്കുന്നു.