സൊഹ്‌റാബുദ്ദീന്‍: വിചാരണ മാറ്റണമെന്ന് സിബിഐ

വെള്ളി, 30 ജൂലൈ 2010 (14:04 IST)
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ ഗുജറാത്തിനു വെളിയിലേക്ക് മാറ്റണമെന്ന് സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സൊഹ്‌റാബുദ്ദീന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്നും കേസിലെ പ്രധാന സാക്ഷിയായിരുന്ന തുള്‍സിറാം പ്രജാപതിയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണ ചുമതലകൂടി നല്‍കണം എന്നും കേന്ദ്ര ഏജന്‍സി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സൊഹ്‌റാബുദ്ദീനെയും ഭാര്യയെയും തുള്‍സിറാമിനെയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ഗുജറാത്ത് പൊലീസ് വധിക്കുകയായിരുന്നു എന്നാണ് സിബിഐ കരുതുന്നത്. ഇക്കാരണത്താല്‍ തന്നെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും ചോദ്യം ചെയ്യാന്‍ കഴിയുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.

കൊലപാതക കേസില്‍ സിബിഐ സമന്‍സ് ലഭിച്ചതോടെ അമിത് ഷാ രാജിവയ്ക്കുകയായിരുന്നു. രണ്ട് തവണ സമന്‍സ് ലഭിച്ചിട്ടും സിബിഐക്ക് മുന്നില്‍ ഹാജരാവാതെ മൂന്ന് ദിവസം ഒളിവില്‍ കഴിഞ്ഞ ഷാ പീന്നീട് കീഴടങ്ങുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന ഷായെ ഇപ്പോള്‍ സബര്‍മതി ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക