സെന്‍സസ്: കസബിന്റെ ഉത്തരങ്ങള്‍ രഹസ്യം

വെള്ളി, 25 ഫെബ്രുവരി 2011 (16:50 IST)
PRO
സെന്‍സസ് 2011ന്‍റെ വിവരശേഖരണം ഇന്ത്യയൊട്ടാകെ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി മുംബൈ ഭീകരാക്രമണക്കേസില്‍ വധശിക്ഷ കാത്ത് കഴിയുന്നു അജ്മല്‍ കസബില്‍ നിന്നും വിവരശേഖരണം നടത്തി. ആര്‍തര്‍ റോഡ് ജയിലില്‍ വ്യാഴാഴ്ച നടന്ന കാനേഷുമാരി കണക്കെടുപ്പില്‍ ജയില്‍ ജീവനക്കാര്‍ തന്നെയാണ് ഈ പാക് ഭീകരനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്.

ഇന്ത്യയിലേക്ക് കുടിയേറാനുള്ള കാരണം, ജോലിയുടെ സ്വഭാവം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കസബ് നല്‍കിയ ഉത്തരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിദ്യാഭ്യാസം, വിവാഹം, ജോലി, മതം, മാതൃഭാഷ, ജനന തീയതി, അറിയാവുന്ന ഭാഷകള്‍, വരുമാനം, സ്വദേശം തുടങ്ങിയ ചോദ്യങ്ങള്‍ക്കും കസബ് മറുപടി നല്‍കി.

ജയില്‍ രേഖകള്‍ പ്രകാരം കസബിന് 23 വയസാണ് പ്രായം. പാകിസ്ഥാനിലെ ഫരീദ്കോട്ട് സ്വദേശിയായ ഇയാള്‍ക്ക് നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നും രേഖകളില്‍ പറയുന്നു.

അതീവ സുരക്ഷയുള്ള ആര്‍തര്‍ റോഡ് ജയിലില്‍ മൂവായിരത്തി അഞ്ഞൂറിലധികം തടവുകാരാണ് ഇപ്പോഴുള്ളത്. ഇന്ത്യക്കാരും വിദേശികളുമായ എല്ലാ തടവുകാരില്‍ നിന്നും സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ബുധനാഴ്ചയാണ് ജയിലിലെ സെന്‍സസ് നടപടികള്‍ ആരംഭിച്ചത്. ബ്രിഹാന്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എന്യൂമറേറ്റര്‍മാരാണ് ജയില്‍ ജീവനക്കാരെ ഇക്കാര്യം പരിശീലിപ്പിച്ചത്.

വീടുവിട്ട് താമസിക്കുന്നവര്‍ അക്കാര്യം കൂടി വ്യക്തമായി രേഖപ്പെടുത്തണമെന്ന് ഇത്തവണത്തെ കണക്കെടുപ്പിനുള്ള മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ പറയുന്നുണ്ട്. ഹോസ്റ്റല്‍, ജയില്‍, ആശുപത്രി എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് അക്കാര്യം അറിയിക്കേണ്ടത്.

ലോകത്തെ തന്നെ രണ്ടാമത്തെ വലിയ ജനസംഖ്യാ കണക്കെടുപ്പാണ് രാജ്യത്ത് നടക്കുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ അഹോരാത്രയത്നമാണു സെന്‍സസിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിവരിക.

വെബ്ദുനിയ വായിക്കുക