സുനന്ദയുടെ മരണം: അന്വേഷണത്തിനായി പ്രത്യേകപദ്ധതിയെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍

ബുധന്‍, 7 ജനുവരി 2015 (11:54 IST)
മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭ എം പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേകപദ്ധതി തയ്യാറാക്കിയതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസി. ഡല്‍ഹിയില്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ വീണ്ടും കേരളത്തിലെത്തുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ശശി തരൂര്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. 
 
അതേസമയം, ഡിസംബറില്‍ ദില്ലിയില്‍ നിന്ന് പൊലീസ് സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . കിംസ് ആശുപത്രിയിലെ ഡോക്‌ടര്‍മാരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ സംഘം എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സുനന്ദ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതു സംബന്ധിച്ചുള്ള വിവരങ്ങളും ആശുപത്രി അധികൃതരില്‍ നിന്ന് പൊലീസ് അന്നു തേടിയിരുന്നു. മരണത്തിനു കാരണമായ അസുഖങ്ങള്‍ ഒന്നും സുനന്ദയ്ക്ക് ഇല്ലായിരുന്നെന്നും വിഷാദരോഗത്തിനുള്ള മരുന്നുകള്‍ സുനന്ദയ്ക്ക് നല്കിയിരുന്നില്ലെന്നും ഡോക്‌ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ ദില്ലി പൊലീസ് സംഘം എത്തിയത്.
 
അതേസമയം, സുനന്ദയുടെ മരണം സംബന്ധിച്ച് ഡല്‍ഹി പൊലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലുകളോട് ശശി തരൂര്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് കാണിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി തേടിയിരിക്കുകയാണ് തരൂര്‍ . നിയമവിദഗ്ധരുമായി കൂടിയാലോചിച്ചതിനു ശേഷം മാത്രമേ തരൂര്‍ മാധ്യമങ്ങളെ നേരിട്ടു കാണുകയുള്ളൂ എന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക