സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ മുന്‍ കേന്ദ്രമന്ത്രിയും ലോക്സഭ എം പിയുമായ ശശി തരൂര്‍ ശ്രമിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ എം പി സമ്മര്‍ദ്ദം ചെലുത്തിയെന്ന് എയിംസിലെ ഡോക്‌ടര്‍ സുധീര്‍ ഗുപ്‌ത ആരോപിച്ചിരുന്നു.
ഇതു കാണിച്ച് സെന്‍ട്രല്‍ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സുധീര്‍ ഗുപ്ത ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് ട്രൈബ്യൂണല്‍ ഇങ്ങനെ പറഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ എയിംസിന്റെ മേല്‍ സമ്മര്‍ദ്ദം ഉണ്ടായതിന് തെളിവുകളില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഗുപ്‌തയ്ക്കു വേണ്ടി മുന്‍നിര അഭിഭാഷകരായ അമരീന്ദ്ര സരന്‍, സോമേഷ് ഝാ എന്നിവരായിരുന്നു ഹാജരായത്. ഡോ. മൂര്‍ത്തിക്ക് പ്രൊഫസര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചതിനു പിന്നില്‍ ചില ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടെന്നും എയിംസിന്റെ നിയമങ്ങള്‍ തെറ്റിച്ചാണ് സ്ഥാനക്കയറ്റം നല്കിയതെന്നും സുധീര്‍ ഗുപ്‌തയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ ട്രൈബ്യൂണലിനു മുന്നില്‍ വാദിച്ചു.