സിംഗിനെതിരെ അവകാശ ലംഘന നോട്ടീസ്

ചൊവ്വ, 22 മാര്‍ച്ച് 2011 (11:43 IST)
PTI
വോട്ടിന് കോഴ വിവാദം ചൊവ്വാഴ്ചയും പാര്‍ലമെന്റിനെ ഇളക്കി മറിക്കുകയാണ്. വിശ്വാസവോട്ട് നേടാന്‍ യു പി എ സര്‍ക്കാര്‍ എം പിമാര്‍ക്കു കോഴ കൊടുത്തെന്ന ആരോപണത്തില്‍ പ്രതിപക്ഷം ലോക്സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ബി ജെ പി നേതാവ് സുഷമ സ്വരാജാണ് നോട്ടീസ് നല്‍കിയത്.

വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അസത്യമാണെന്നാരോപിച്ചാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസ് ഇപ്പോള്‍ സ്പീക്കറുടെ പരിഗണനയിലാണ്.

ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് സുഷമ സ്വരാജ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. വിവാദത്തില്‍ ശരിയായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ധനകാര്യബില്ല് പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രഥമ പരിഗണന നല്‍കണം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്.

കോഴവിവാദം രാജ്യസഭയെയും പ്രക്ഷുബ്ദമാക്കി. ശൂന്യവേളയില്‍ വോട്ടിന് കോഴ വിവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ അതിന് അനുമതി നല്‍കാത്തതാണ് ബഹളങ്ങള്‍ക്ക് കാരണമായത്. ഇതെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവച്ചു.

സഭാ സ്തംഭനം തുടര്‍ന്നാല്‍ ധനകാര്യ ബില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കേണ്ടിവരും എന്നാ‍ണ് സൂചന. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമാവുകയാണെങ്കില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കേണ്ട അവസ്ഥയില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നേക്കും.

വെബ്ദുനിയ വായിക്കുക