ഏറെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ സാനിയ മിര്‍സക്ക് ആശ്വാസത്തിന്റെ പുഞ്ചിരി. സാനിയയെ ഒരു കായികതാരമെന്നതില്‍ ഉപരി പ്രണയിച്ച ആരാധകര്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ക്കിടയിലാണ് സാനിയയുടെ വിരലില്‍ ഹൈദരാബാദ് സ്വദേശി മുഹമ്മദ് സൊറാബ് മിര്‍സ മോതിരമണിയിച്ചത്. വിവാഹനിശ്ചയത്തോടെ, ഇനി ആരാധകരുടെ പ്രണയഭീഷണി ഉണ്ടാവില്ലെന്നാണ് സാനിയ വിശ്വസിക്കുന്നത്.
വിവാഹാഭ്യര്‍ത്ഥനയുമായി സാനിയയുടെ വീട്ടില്‍ മലയാളിയായ അഷറഫ് അതിക്രമിച്ച് കടന്ന് ബഹളമുണ്ടാക്കിയത് സാനിയയ്ക്കും കുടുംബത്തിനും ആകെ വിഷമമുണ്ടാക്കിയിരുന്നു. വിവാഹ നിശ്ചയ സമയത്തിന് തൊട്ടുമുമ്പും ഇതിന് സമാനമായ സംഭവമുണ്ടായി നോയ്‌ഡയില്‍ നിന്നുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥി അരവിന്ദ് സിംഗ് യാദവാണ് രണ്ടാം സംഭവത്തിലെ നായകന്‍. സാനിയ തനിക്ക് ലവ് ലെറ്റര്‍ അയച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു യാദവിന്റെ രംഗപ്രവേശം.
പ്രണയഭീഷണിയുമായി ആരാധകര്‍ തുരുതുരാ എത്തുന്നതിനാല്‍ കനത്ത സുരക്ഷാസംവിധാനത്തിലാണ് സാനിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സാനിയാ മിര്‍സയുടെ കളിക്കൂട്ടുകാരനാണ് ബ്രിട്ടനില്‍ എംബിഎ വിദ്യാര്‍ഥിയും ഹൈദരാബാദിലെ പ്രമുഖ ബിസിനസുകാരില്‍ ഒരാളുമായ ഇരുപത്തിമൂന്നുകാരന്‍ സോറാബ് മിര്‍സ. ചെറുപ്പത്തിലേ പരസ്പരം അറിയാമായിരുന്നെങ്കിലും തങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും ഇരുവരും മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു.
പ്രശസ്ത ഡിസൈനര്‍മാരായ നിഖിലും ശന്തനുവും രൂപകല്‍പന ചെയ്‌ത വേഷത്തിലായിരുന്നു സാനിയ ചടങ്ങിനെത്തിയത്. ബാഡ്മിന്റന്‍ ഇതിഹാസം പി. ഗോപിചന്ദ്, ടെന്നിസ് താരം മഹേഷ് ഭൂപതി, ചലച്ചിത്രതാരം ചിരഞ്ജീവി, കേന്ദ്രസഹമന്ത്രി ഡി. പുരന്ദരേശ്വരി, രാഷ്ട്രീയനേതാവ് ഡി. വെങ്കിടേശ്വരറാവു, തെലുങ്ക് സിനിമാതാരം വിഷ്ണു എന്നീ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.