സാധാരണക്കാരുടെ സര്‍ക്കാരാണ് തന്റേതെന്ന് പ്രധാനമന്ത്രി

ഞായര്‍, 19 ഏപ്രില്‍ 2015 (16:44 IST)
സാധാരണക്കാരുടെ സര്‍ക്കാരാണ് തന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയില്‍ ബി ജെ പി എം പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേന്ദ്ര സര്‍ക്കാരിന്‍റെ ജനക്ഷേപ പദ്ധതികള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു ബി ജെ പി യോഗം.
 
രാജ്യത്തെ സര്‍ക്കാര്‍ രാജ്നീതിയിലല്ല, രാഷ്‌ട്ര നീതിയിലാണ് വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി  വീടില്ലാത്തവര്‍ക്ക് വീട്, വൈദ്യുതി, ശുചിമുറികള്‍, കുട്ടികള്‍ക്ക് വിദ്യഭ്യാസം, എല്‍ പി ജി സബ്സിഡി, ശുചിത്വ പരിപാടികള്‍ എന്നിവയെല്ലാം സാധാരണക്കാര്‍ക്കായി ആവിഷ്കരിച്ച പദ്ധതികളായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തില്‍ വിളവ് നശിക്കുന്ന കര്‍ഷകര്‍ക്ക് നഷ്‌ടപരിഹാരം നല്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേടായ വിളകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. 
 
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ ഉള്ളവരെ രക്ഷിക്കാന്‍ ഇന്ത്യ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ മോഡി അഭിനന്ദിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജനറല്‍ വി കെ സിംഗ് എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.

വെബ്ദുനിയ വായിക്കുക