സരബ്ജിത് സിംഗിന്റെ നില അതീവഗുരുതരം‍; ബന്ധുക്കള്‍ പാകിസ്ഥാനിലേക്ക്

ഞായര്‍, 28 ഏപ്രില്‍ 2013 (17:59 IST)
PRO
പാകിസ്ഥാനിലെ ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ലാഹോറിലെ ജിന്ന ആശുപത്രിയിലാണ് സരബ്ജിതിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സരബ്ജിത്സിങ്ങിനെ സന്ദര്‍ശിക്കാന്‍ സഹോദരിയും ഭാര്യയും രണ്ടുമക്കളുമടക്കം നാലുപേര്‍ക്ക് ന്യൂഡല്‍ഹിയിലെ പാക് ഹൈകമീഷന്‍ വിസ അനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

സംഭവത്തില്‍ അമീര്‍ ആഫ്താബ്, മുദസ്സര്‍ എന്നീ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു തടവുകാര്‍ക്കെതിരെ പാക് പൊലീസ് കേസെടുത്തു. മറ്റ് നാലുപേര്‍കൂടി അക്രമത്തില്‍ പങ്കാളികളായെന്നാണ് വിവരം.

അതീവ സുരക്ഷയുള്ള ലാഹോറിലെ കോട്ട് ലഖ്പത് ജയിലിന്‍െറ മുറി തുറന്ന് ഇഷ്ടിക, പാത്രങ്ങളുടെ കൂര്‍ത്ത അഗ്രം തുടങ്ങിയവ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു തടവുകാര്‍ അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മാലിക് മുബഷീറിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ ജയിലിലെത്തി ആറു പ്രതികളെയും പ്രത്യേകമായി ചോദ്യം ചെയ്തു.

ആക്രമണത്തെ ഏറ്റവും ദു$ഖകരമായ സംഭവവികാസമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് തന്‍െറ ആശങ്ക പാകിസ്താനെ അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായ ശേഷമേ ശസ്ത്രക്രിയ നടത്തൂവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക