സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും: ബാലു

വെള്ളി, 22 മെയ് 2009 (12:38 IST)
നിലവില്‍ ഡി‌എം‌കെ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമല്ല എങ്കിലും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡി‌എം‌കെ അംഗങ്ങള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി നേതാവ് ടി ആര്‍ ബാലു.

മന്ത്രിസഭാ രൂ‍പീകരണ ചര്‍ച്ചയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞതില്‍ നിന്ന് കൂടുതലായൊന്നും പറയാനില്ല എന്നും ബാലു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2004ല്‍ മന്ത്രിസ്ഥാനം പങ്ക് വയ്ക്കുന്നതിന് ഫോര്‍മുലകള്‍ ഒന്നും ഇല്ലായിരുന്നു എന്നാണ് ബാലു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നത്.

എന്നാല്‍, കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതില്‍ ദുഃഖമില്ല എന്നും കോണ്‍ഗ്രസുമായുള്ള സൌഹൃദ ബന്ധത്തിന് കോട്ടമുണ്ടായിട്ടില്ല എന്നും ബാലു കൂട്ടിച്ചേര്‍ത്തു.

ഡി‌എം‌കെ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ടി ആര്‍ ബാലു, എ രാജ തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോണ്‍ഗ്രസ് മുന്നോട്ട് വച്ച ഫോര്‍മുലയെ കുറിച്ച് ചെന്നൈയില്‍ ചേരുന്ന ഡി‌എം‌കെ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ കരുണാനിധി ഇന്ന് ചെന്നൈയിലേക്ക് മടങ്ങി.

വെബ്ദുനിയ വായിക്കുക