സംശയത്തിന്‍റെ പുകമറ നീങ്ങുന്നില്ല, പത്താന്‍‌കോട്ട് ഭീകരര്‍ക്ക് സഹായം ചെയ്തത് സൈനികതാവളത്തില്‍ നിന്നുതന്നെയോ? കപ്പലിലെ കള്ളനെ പിടിക്കാന്‍ എന്‍ ഐ എ!

ശനി, 9 ജനുവരി 2016 (09:24 IST)
പത്താന്‍‌കോട്ട് സൈനികതാവളത്തിലെ ഭീകരാക്രമണത്തിന് സഹായം ലഭിച്ചത് ഇന്ത്യയില്‍ നിന്നുതന്നെയെന്ന് സംശയം ബലപ്പെടുന്നു. വ്യോമസേനാ താവളത്തില്‍നിന്നുതന്നെ സഹായം ഭീകരര്‍ക്ക് കിട്ടിയിട്ടുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഭീകരരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു എന്നും  ഇതിനുള്ള സഹായങ്ങള്‍ കാലാകാലങ്ങളില്‍ ഇന്ത്യയില്‍ നിന്നുതന്നെ ലഭിച്ചിരുന്നു എന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
 
ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ചുറ്റുമതിലിലെ ലൈറ്റ് അണച്ചതും ദിശമാറ്റിയതും ദുരൂഹതയ്ക്ക് ആഴം കൂട്ടുന്നു. ഭീകരാക്രമണം നടക്കാന്‍ പോകുന്നു എന്ന് വ്യക്തമായ അറിവുള്ളവര്‍ സൈനിക താവളത്തില്‍ തന്നെയുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 
 
അതേസമയം, ഗുര്‍ദാസ്പൂര്‍ മുന്‍ എസ് പി ഗുല്‍‌വീന്ദര്‍ സിംഗിന് ഭീകരരുമായി ബന്ധമുണ്ടോ എന്ന അന്വേഷണം എന്‍ ഐ എ ശക്തമാക്കി. ഭീകരരെ വ്യോമതാവളത്തിലെത്തിക്കാന്‍ സഹായിച്ചത് എസ് പിയാണെന്ന നിലയിലാണ് അന്വേഷണം. ഇയാളെ ഉടന്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കും.
 
പത്താന്‍കോട്ട് സൈനികതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെ ചാരപ്പണിക്ക് പിടിയിലായ ഉദ്യോഗസ്ഥന്‍ സുനില്‍ ഭട്ടിയുടെ ഐ എസ് ഐ ബന്ധത്തേക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ഭട്ടിന്‍ഡ വ്യോമതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെ കുടുംബസമേതം പാകിസ്ഥാനിലേക്ക് പോയ ഫരീദ്കോട്ട് സ്വദേശി സുനില്‍ സിംഗ് എന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചു. ഇവര്‍ക്കും ഐ എസ് ഐ ബന്ധമുണ്ടായിരുന്നു എന്നാണ് സൂചന. തീര്‍ത്ഥയാത്രയ്ക്കെന്നുപറഞ്ഞ് പാകിസ്ഥാനിലേക്ക്ക് പോയ ഇവര്‍ പിന്നീട് മടങ്ങിയെത്തിയില്ല.
 
അടുത്തിടെ അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന്‍ കെ കെ രഞ്ജിത്തിന് പത്താന്‍‌കോട്ട് ആക്രമണവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നു. പത്താന്‍‌കോട്ട് സൈനികതാവളവും യുദ്ധവിമാനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇയാള്‍ ഐ എസ് ഐക്ക് കൈമാറിയതായാണ് ആരോപണം നിലനില്‍ക്കുന്നത്.

വെബ്ദുനിയ വായിക്കുക