സാനിയയെ വിവാഹം ചെയ്യാനെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയൈബിനെതിരെ സ്വന്തം സമുദായത്തില്‍ നിന്നും വെല്ലുവിളി ഉയരുന്നു. കൊല്‍ക്കത്തയിലെ ടിപ്പുസുല്‍ത്താന്‍ പള്ളിയിലെ ഷാഹി ഇമാം സയ്ദ് നൂര്‍-ഉര്‍-റഹ്മാന്‍ ബര്‍കാതി ഷോയൈബിനെതിരെ ഫത്‌വ പുറപ്പെടുവിച്ചു.
ടെലഫോണിലൂടെ നിക്കാഹ് കഴിച്ചതിനാല്‍ മുസ്ലീം നിയമമനുസരിച്ച് അയേഷയും ഷോയൈബും ഇപ്പോള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണ്. ഷോയൈബ് വിവാഹത്തെ അംഗീകരിക്കുന്നു എങ്കില്‍ പ്രശ്നമൊന്നുമില്ല. എന്നാല്‍, നിഷേധിക്കുകയാണെങ്കില്‍ സമുദായത്തിനു പുറത്താക്കും, ഇമാം പറയുന്നു.
ഇപ്പോള്‍ ഹൈദരാബാദിലുള്ള ഷോയൈബിനെ അയേഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ടെലഫോണിലൂടെയുള്ള നിക്കാഹിന് സാധുതയില്ലെന്ന് നേരത്തെ സമുദായ പണ്ഡിതന്‍മാര്‍ നടത്തിയ പ്രസ്താവന പാക് ക്രിക്കറ്റ് താരവും സാനിയയും തമ്മിലുള്ള വിവാഹത്തിന് സമുദായത്തിന്റെ എതിര്‍പ്പുണ്ടാവില്ലെന്ന സൂചനയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, കൊല്‍ക്കത്ത ഇമാമിന്റെ ഇടപെടല്‍ ഷോയൈബിനെ സമുദായത്തില്‍ നിന്നുള്ള എതിര്‍പ്പിനെയും മറികടക്കേണ്ടി വരും എന്ന സൂചനയാണ് നല്‍കുന്നത്.