ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി നീട്ടി; ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ലഭിക്കാവുന്ന കുറ്റം

ചൊവ്വ, 21 മെയ് 2013 (18:48 IST)
PRO
PRO
ഐപിഎല്‍ വാതുവെപ്പ്‌ കേസില്‍ അറസ്‌റ്റുചെയ്‌ത എസ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസത്തേയ്ക്ക് നീട്ടി. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് കസ്‌റ്റഡിയില്‍ വിട്ടുതരണമെന്നാണ്‌ പോലീസ്‌ ഡല്‍ഹി സാകേത്‌ കോടതിയില്‍ ആവശ്യപ്പെട്ടത്‌.

രാജസ്‌ഥാന്‍ റോയല്‍സ്‌ ടീമിന്റെ പരാതിയെ തുടര്‍ന്ന്‌ കളിക്കാര്‍ക്കെതിരെ ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന വിശ്വാസ വഞ്ചനയ്‌ക്കാണ്‌ കേസെടുത്തത്‌. അതേ സമയം ശ്രീശാന്തിനെതിരെ ഐപിസി 409 പ്രകാരം കേസെടുക്കരുതെന്ന്‌ ശ്രീശാന്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടു‌. അതിനിടയില്‍ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട്‌ ശ്രീശാന്തിനെതിരേ കൂടുതല്‍ തെളിവുകള്‍ ലഭ്യമായതായി വിവരമുണ്ട്‌. ശ്രീശാന്തിനെ ജയ്‌പൂരിലെത്തിച്ച്‌ പോലീസ്‌ തെളിവെടുത്തു. ശബ്‌ദസാമ്പിളും ശേഖരിച്ചിട്ടുണ്ട്‌. മെയ്‌ 15 ന്‌ നടന്ന മത്സരത്തിനുമുന്‍പ്‌ നടന്ന വാതുവയ്‌പ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച്‌ ശ്രീശാന്ത്‌ 1.95 ലക്ഷം രൂപയുടെ വസ്‌ത്രങ്ങള്‍ വാങ്ങിയെന്നും കൂട്ടുകാരിയ്‌ക്ക് 45,000 രൂപയോളം വിലവരുന്ന ബ്ലാക്ക്‌ബെറി ഫോണ്‍ വാങ്ങി നല്‍കിയെന്നും പോലീസ്‌ വ്യക്‌തമാക്കി. ബാക്കി തുക വന്‍ പാര്‍ട്ടികള്‍ക്കും മറ്റുമായി ഉപയോഗിച്ചതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്‌.

അതിനിടെ അറസ്‌റ്റിലായ താരത്തിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തതായി ഭാരത്‌ പെട്രോളിയം പ്രസ്‌താവന ഇറക്കി. വഞ്ചനാ കുറ്റത്തിന്‌ അറസ്‌റ്റിലായ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന ചട്ടത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ നടപടി. ഇതോടെ വന്‍ തുക ശമ്പളം ലഭിച്ചിരുന്ന ജോലിയാണ്‌ താരത്തിന്‌ നഷ്‌ടമാകുന്നത്‌. 80,000 രൂപ ശമ്പളം വാങ്ങിയിരുന്ന താരത്തിന്‌ മറ്റാനുകൂല്യങ്ങളെല്ലാം കൂടെ കൂട്ടി മൊത്തം 14 ലക്ഷം രൂപയായിരുന്നു പ്രതിവര്‍ഷം ലഭിച്ചിരുന്നത്‌. കൊച്ചി ഇരുമ്പനം ഓഫീസില്‍ അസിസ്‌റ്റന്റ്‌ മാനേജരായ ശ്രീശാന്ത്‌ 2006 ലാണ്‌ ബിസിപിഎല്ലില്‍ ഉദ്യോഗസ്‌ഥനായത്‌. 2005 ല്‍ ഇന്ത്യന്‍ ടീമിലെത്തി ഒരു വര്‍ഷത്തിനുശേഷമാണ്‌ ജോലിയില്‍ ചേര്‍ന്നത്‌.

വെബ്ദുനിയ വായിക്കുക