ലോക്പാല്‍ സമിതി കോ ചെയര്‍മാന്‍ ശാന്തി ഭൂഷണ്‍ സി ഡി വിവാദത്തില്‍ കുടുങ്ങുമെന്ന് സൂചന. ശാന്തി ഭൂഷണെതിരെ പുറത്തു വന്ന സി ഡിയില്‍ കൃത്രിമമില്ല എന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗം ഡല്‍ഹി പൊലീസിന് നല്‍കിയെതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സി ഡി മുഴുവനായി പരിശോധിച്ചിട്ടില്ല എന്നും സൂചനയുണ്ട്.
സി ഡിയിലെ സംഭാഷണം തുടര്‍ച്ചയായുള്ളതാണ് എന്നും മുറിച്ചു ചേര്‍ത്തത് അല്ല എന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നാണ് സൂചന. ഒരു ജഡ്ജിയെ സ്വാധീനിക്കുന്നതിനെ കുറിച്ചായിരുന്നു സി ഡിയിലെ സംഭാഷണം. നാല് കോടി രൂപ നല്‍കിയാന്‍ മകന്‍ പ്രശാന്ത് ഭൂഷണ്‍ വഴി ജഡ്ജിയെ സ്വാധീനിക്കാം എന്ന് ശാന്തി ഭൂഷണ്‍ മുലായം സിംഗ് യാദവിനോടും അമര്‍ സിംഗിനോടും പറയുന്നതാണ് സി ഡിയിലെ വിവാദമായ ഉള്ളടക്കം.
എന്നാല്‍, സി ഡി വിദേശ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞതായി പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ‘നാല് കോടി’ എന്നത് മുറിച്ചു ചേര്‍ത്ത സംഭാഷണമാണെന്നും. പല അവസരങ്ങളില്‍ നടത്തിയ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത് തന്റെ പിതാവിനെ കരിതേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു.
ശാന്തി ഭൂഷണും മകന്‍ ശശാങ്കും യുപി സര്‍ക്കാരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കൃഷിയിടം സ്വന്തമാക്കിയതായി പുതിയൊരു ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.