വെടിനിർത്തൽ കരാർ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ബുധന്‍, 3 മെയ് 2017 (09:34 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ കനത്ത വെടിവയ്പ്പ് . പൂഞ്ച് ജില്ലയിലെ മെന്ദര്‍ മേഖലയിലാണ് പാക്കിസ്ഥാന്‍ കനത്ത വെടിവയ്പ്പ് നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഈ മേഖലയില്‍ പാക്കിസ്ഥാന്‍ ഇടവിട്ട് വെടിവയ്പ് തുടരുകയാണ്. 
 
അതേസമയം ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ പ്രകോപനം തുടരുന്നത്. 
 
രണ്ടു സൈനികരെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. സൈനികരുടെ വീരമൃത്യു വെറുതേയാകില്ലെന്നും തക്ക തിരിച്ചടി നൽകുമെന്നും പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക