വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് നേരെ അര്‍ദ്ധരാത്രിയില്‍ ബംഗളൂരുവില്‍ ആക്രമണം

ബുധന്‍, 11 മാര്‍ച്ച് 2015 (16:49 IST)
ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് നേരെ ബംഗളൂരുവില്‍ ആക്രമണം. ബംഗളൂരുവിലെ ബൈരതിയിലാണ് സംഭവം ഉണ്ടായത്. തങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങുന്ന സമയത്താണ് സംഭവം നടന്നതെന്ന് ആഫ്രിക്കന്‍ സ്വദേശിയായ ജോണ്‍ പറഞ്ഞു. ജോണ്‍ അടക്കം നാലുപേര്‍ക്ക് എതിരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നാലുപേര്‍ക്കും പരുക്കേറ്റു.
 
അജ്ഞാതരായ ആള്‍ക്കാര്‍ മേഖലയില്‍ ശല്യം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആക്രമിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു ആക്രമണം ആരംഭിച്ചത്. ഇത് പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ടുനിന്നു. താനും കൂട്ടുകാരും വീട്ടിലേക്ക് മടങ്ങും വഴി പിന്തുടര്‍ന്നു വന്ന് ആക്രമിക്കുകയായായിരുന്നു എന്ന് ജോണ്‍ പറഞ്ഞു. അതേസമയം, എന്തിനാണ് തങ്ങളെ ജനക്കൂട്ടം ആക്രമിച്ചതെന്ന് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. 
 
അതേസമയം, വാക്കുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഉന്തും തള്ളലുമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഇത് ഒരു ചെറിയ സംഭവമാണെന്നും വലിയ ആക്രമണമൊന്നും തങ്ങള്‍ക്ക് നേരെ ഉണ്ടായില്ലെന്നും ആഫ്രിക്കന്‍ സ്വദേശികള്‍ പറഞ്ഞതായി എ സി പി അലോക് കുമാര്‍ പി ടി ഐയോട് പറഞ്ഞു.
 
സംഭവവുമായി ബന്ധപ്പെട്ട് കേസ് ഫയല്‍ ചെയ്യേണ്ടതില്ലെന്നും ആഫ്രിക്കന്‍ സ്വദേശികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
 
(സി സി ടി വി ചിത്രം)

വെബ്ദുനിയ വായിക്കുക