വിശ്വരൂപം: കമലഹാസന്‍ സുപ്രീംകോടതിയിലേക്ക്

ബുധന്‍, 30 ജനുവരി 2013 (17:21 IST)
PTI
PTI
തന്റെ ബിഗ് ബജറ്റ് ത്രില്ലര്‍ ‘വിശ്വരൂപം’ നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിയ്ക്കെതിരെ കമലഹാസന്‍ സുപ്രീംകോടതിയിലേക്ക്. വിശ്വരൂപത്തിനുള്ള വിലക്ക് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി നീക്കിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് പ്രദര്‍ശനം സ്റ്റേ ചെയ്യാന്‍ വീണ്ടും ഉത്തരവ് വന്നിരിക്കുന്നത്. അതേസമയം ‘വിശ്വരൂപം’ പ്രദര്‍ശിപ്പിക്കാനിരുന്ന തീയേറ്ററുകള്‍ക്ക് നേരെ തമിഴ്നാട്ടില്‍ ബോംബേറ് നടന്നു. ഫെബ്രുവരി ആറ് വരെയാണ് ചിത്രത്തിന് നിരോധനം.

മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് മുസ്ലിം സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍ അത്തരം ആരോപണങ്ങള്‍ നിഷേധിച്ച കമലഹാസന്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റാമെന്ന് ഇന്ന് സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്നും ചിത്രം വിലക്കുന്നതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്.

രാജ്യത്തു മതേതര ഇടമില്ലെങ്കില്‍ ഇന്ത്യ വിട്ടു മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുമെന്ന് കമല്‍ഹാസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു‍. താന്‍ രാഷ്ട്രീയക്കളിയുടെ രക്തസാക്ഷിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണു വിശ്വരൂപം നിര്‍മിച്ചത്. അത് നഷ്ടപ്പെടുന്നതില്‍ വിഷമമില്ല. പക്ഷേ താന്‍ പുറത്തു പോകണമെന്ന് തമിഴകം ആഗ്രഹിക്കുന്നു എന്നാണ് തോന്നുന്നത്. അങ്ങനെ സംഭവിച്ചാല്‍ തനിക്കും ചിത്രകാരന്‍ എം എഫ് ഹുസൈന്‍റെ വഴി തേടേണ്ടി വരും. വികാരാധീനനായാണ് കമലഹാസന്‍ സംസാരിച്ചത്.

വെബ്ദുനിയ വായിക്കുക