വിവാദം ബാക്കിയായി; ബോംബെ ജയശ്രീയ്ക്ക് ഓസ്കര്‍ പുരസ്കാരമില്ല

തിങ്കള്‍, 25 ഫെബ്രുവരി 2013 (13:19 IST)
PRO
PRO
പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞ ബോംബെ ജയശ്രീയ്ക്ക് ഓസ്കര്‍ പുരസ്കാരം നേടാനായില്ല.
‘ലൈഫ് ഓഫ് പൈ’ എന്ന സിനിമയ്ക്കുവേണ്ടി അവര്‍ രചിച്ച “കണ്ണേ കണ്‍മണിയേ” എന്ന താരാട്ടുപാട്ടാണ് ഓസ്കര്‍ നോമിനേഷന്‍ നേടിയിരുന്നു. എന്നാല്‍ ‘ലൈഫ് ഓഫ് പൈ’യെ പിന്തള്ളി ‘സ്‌കൈഫോള്‍‘ എന്ന ചിത്രമാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പുരസ്കാരം നേടിയത്. അതേസമയം ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തില്‍ ലൈഫ് ഓഫ് പൈ(മൈക്കല്‍ ഡാനെ) പുരസ്കാരം നേടുകയും ചെയ്തു.

ബോംബെ ജയശ്രീയുടെ ഈതാരാട്ടുപാട്ട് കോപ്പിയടി വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ടിന്‍റെ തമിഴ് മൊഴിമാറ്റമാണ് ജയശ്രീയുടെ “കണ്ണേ കണ്‍മണിയേ” എന്നായിരുന്നു ആരോപണം. ഇരയിമ്മന്‍ തമ്പിയുടെ ചെറുമകള്‍ ജയശ്രീ രാജമ്മയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ഇരയിമ്മന്‍ തമ്പി ട്രസ്റ്റ് ഈ ആരോപണം ഏറ്റുപിടിക്കുകയും ചെയ്തു.

“ചാഞ്ചാടിയാടും മയിലോ,
മൃദുപഞ്ചമം പാടും കുയിലോ” - എന്ന് ഇരയിമ്മന്‍ തമ്പി കുറിച്ചപ്പോള്‍ ബോംബെ ജയശ്രീയുടെ ഗാനത്തില്‍ “മയിലോ തോകൈ മയിലോ, കുയിലോ കൂവും കുയിലോ” എന്ന് കാണാം. “പരിപൂര്‍ണ്ണേന്ദു തന്‍റെ ഒളിയോ” എന്ന വരിക്ക് സമാനമായി “നിലവോ നിലവിന്‍ ഒളിയോ” എന്ന വരിയും കണ്ടെത്താനാകും.

“നല്ല കോമളത്താമരപ്പൂവോ,
പൂവില്‍ നിറഞ്ഞ മധുവോ” - എന്നത് മറ്റൊരു രൂപത്തില്‍, അതായത് “മലരോ മലരിന്‍ അമുതോ” എന്ന് ലൈഫ് ഓഫ് പൈയിലെ ഗാനത്തില്‍ കാണുന്നു.

വെബ്ദുനിയ വായിക്കുക