മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയ് വെന്‍റിലേറ്ററില്‍ തുടരുന്നു. ന്യൂമോണിയ ബാധിതനായതിനാല്‍ വെന്‍റിലേറ്റര്‍ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വാജ്‌പേയിക്ക് ആശംസകള്‍ അറിയിച്ചു. സിംഗിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തി ആശംസകള്‍ അറിയിക്കുകയും പൂച്ചെണ്ട് നല്‍കുകയും ചെയ്തു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ശനിയാഴ്ച യു പി എ അധ്യക്ഷ സോണിയ ഗാന്ധിയും വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജിയും ആശുപത്രിയില്‍ എത്തി വാജ്‌പേയിയുടെ രോഗവിവരം അന്വേഷിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു. നാഗ്പൂരില്‍ പാര്‍ട്ടി ദേശീയ സമിതിയില്‍ പങ്കെടുക്കുന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ടെലഫോണിലൂടെ ഡോക്ടര്‍മാരോട് വാജ്പേയിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിച്ചിരുന്നു.
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് എണ്‍പത്തിനാലുകാരനായ വാജ്പേയിയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും അണുബാധയും ന്യൂമോണിയ ഉണ്ടാവാന്‍ കാരണമായി. തുടര്‍ന്ന് വെന്‍റിലേറ്റര്‍ സഹായം നല്‍കുകയായിരുന്നു. ഇപ്പോള്‍ മയക്കി കിടത്തിയിരിക്കുന്ന വാജ്‌പേയിക്ക് പോഷകാഹാരങ്ങള്‍ ഞരമ്പുകളിലൂടെയാണ് നല്‍കുന്നത്.