വയോധികനേതൃത്വം മാറി യുവനേതൃത്വം വരണമെന്ന് സിപിഐയില്‍ ആവശ്യം

വ്യാഴം, 26 മാര്‍ച്ച് 2015 (11:39 IST)
നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് എ എ പി ഉണ്ടാക്കിയ നേട്ടം പോലും സി പി ഐക്ക് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. പാര്‍ട്ടി സമരങ്ങളെക്കുറിച്ചും പൊതുചര്‍ച്ച വേദിയില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്.
 
അതേസമയം, സംസ്ഥാനപാര്‍ട്ടിയില്‍ നടന്നത് താത്വികമായ തര്‍ക്കങ്ങളല്ലെന്നും അധികാരത്തിന് വേണ്ടിയുള്ള തര്‍ക്കം മാത്രമാണ് പാര്‍ട്ടിയില്‍ ഉണ്ടായതെന്നും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പാര്‍ട്ടിയില്‍ ഉണ്ടായ സംഭവങ്ങളില്‍ ദു:ഖമുണ്ടെന്നും മുതിര്‍ന്ന സി പി ഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. വാര്‍ത്താചാനലിനോടാണ് ദിവാകരന്‍ ഇങ്ങനെ പറഞ്ഞത്.
 
സി പി ഐ പാര്‍ട്ടി ദേശീയ കോണ്‍ഗ്രസില്‍ ദേശീയ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. ആം ആദ്‌മി മാതൃകയില്‍ എന്തുകൊണ്ട് സമരങ്ങള്‍ നടത്താന്‍ പറ്റുന്നില്ലെന്നും വയോധിക നേതൃത്വം മാറി പാര്‍ട്ടിക്ക് യുവനേതൃത്വം വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

വെബ്ദുനിയ വായിക്കുക