വഖാസ് അഹമ്മദിന് കേരളത്തില്‍ സിം കാര്‍ഡ്!

വ്യാഴം, 3 ഏപ്രില്‍ 2014 (18:57 IST)
PRO
ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗവും പാക് ഭീകരനുമായ വഖാസ് അഹമ്മദിന് കേരളത്തില്‍ മൊബൈല്‍ സിം കാര്‍ഡുണ്ടായിരുന്നതായി ഡല്‍ഹി പൊലീസ്. കേരളത്തില്‍ ഭീകരന് സിം കാര്‍ഡ് ലഭിക്കാന്‍ സഹായിച്ചവരെ അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

ഇവരെ സന്ദര്‍ശിച്ചവരെക്കുറിച്ചും പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മൊബൈല്‍ഫോണ്‍ വിതരണത്തിനെന്ന പേരില്‍ മൂന്നുമാസമാണ് മൂന്നാറില്‍ വാടകയ്ക്ക് വീടെടുത്ത് വഖാസ് താമസിച്ചത്. വ്യാജവിലാസം നല്‍കിയായിരുന്നു മൂന്നാറില്‍ തങ്ങിയിരുന്നത്.

അതുപോലെ തന്നെ വ്യാജ രേഖകള്‍ നല്‍കിയാണ് സിംകാര്‍ഡ് എടുത്തത്. പിന്നീട് ഈ സിംകാര്‍ഡ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ മേധാവിയുടെ ചുമതലയുള്ള ബീഹാര്‍ സ്വദേശി തഹ്‌സീന്‍ അക്തറിന് കൈമാറുകയും ചെയ്തു. ഡിസംബര്‍ അവസാനത്തോടെ മൂന്നാറിലെ വഖാസിന്റെ വീട്ടിലെത്തി തഹ്സീന്‍ ഒരുമാസം ഹോട്ടലില്‍ ജോലി ചെയ്തിരുന്നു.

മംഗലാപുരത്ത് അത്താവറിലെ സൈഫര്‍ഹൈറ്റ്സ് അപ്പാര്‍ട്ടുമെന്റിലെ മൂന്നാം നിലയിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്ന വഖാസും അക്തറും ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസിന്‍ ഭട്കല്‍ അറസ്റ്റിലായതോടെ കഴിഞ്ഞ ഒക്‌ടോബറിലാണ് അവിടെ നിന്ന് കേരളത്തിലേക്ക് കടന്നത്.

വെബ്ദുനിയ വായിക്കുക