ലോക്പാല് നിയമന പ്രക്രിയ ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസുമാരായ ആര്‍എം ലോധ, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം. ലോക്പാലിലേക്ക് പരിഗണിക്കേണ്ട പേര്‍ നിര്‍ദേശിക്കാനായി രൂപവത്കരിക്കുന്ന സമിതിയുടെ നിയമസാധുതയാണ് ഹര്‍ജിയില്‍ പ്രധാനമായും ചോദ്യംചെയ്തത്. ലോക്പാല്‍ നിയമത്തില്‍ തെരച്ചില്‍ സമിതിയുടെ രൂപവത്കരണം സംബന്ധിച്ച വ്യവസ്ഥയിലെ സര്‍ക്കാറിന്റെ നിലപാടാണ് കോടതി ആരാഞ്ഞത്. കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ നോട്ടീസ് കൈപ്പറ്റി.
തെരച്ചില്‍സമിതി സമര്‍പ്പിക്കുന്ന പട്ടികയില്‍ നിന്ന് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് അന്തിമമായി ലോക്പാല്‍ അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാണ് തിരച്ചില്‍ സമിതി, മറ്റൊരു പട്ടിക തിരഞ്ഞെടുപ്പുസമിതിക്ക് സമര്‍പ്പിക്കേണ്ടത്. സ്വതന്ത്രാധികാരമുള്ള ലോക്പാലിനെ തിരഞ്ഞെടുക്കുന്നതിന് നിയമത്തിലെ ഈ വ്യവസ്ഥ തടസമാണെന്ന് 'കോമണ്‍ കോസ്' എന്ന സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.
സുപ്രീംകോടതിയിലെ നാലു ജഡ്ജിമാര്‍ ലോക്പാലിലെ ജുഡീഷ്യല്‍ അംഗങ്ങളാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ലോക്പാല്‍ നിയമത്തിലെ മൂന്നാംവകുപ്പ് പ്രകാരം ഈ തസ്തികയിലേക്ക് പരിഗണിക്കാന്‍ ജഡ്ജിമാര്‍ യോഗ്യരാണ്. എന്നാല്‍, ഭരണഘടനയില്‍ വിഭാവനംചെയ്ത ജുഡീഷ്യറിയുടെ സ്വാതന്ത്യത്തെ ഹനിക്കുന്നതാണ് വ്യവസ്ഥയെന്ന് ഹര്‍ജിക്കാര്‍ കുറ്റപ്പെടുത്തി.