ലൈംഗിക പീഡനം: ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരി അറസ്റ്റില്‍

വെള്ളി, 9 മെയ് 2014 (09:20 IST)
പ്രമുഖ ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരിയെ പീഡനക്കേസില്‍ അറസ്റ്റില്‍. മുംബൈ സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് അങ്കിതിനെ വെര്‍സോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കിതിന്റെ പെണ്‍സുഹൃത്തു കൂടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. വ്യാഴാഴ്ച രാവിലെയായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് അങ്കിതിന്റെ സഹോദരന്‍ അങ്കുര്‍ തിവാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
2012 ഒക്ടോബര്‍ മുതല്‍ 2013 ഡിസംബര്‍ വരയുള്ള കാലയളവില്‍ അങ്കിത് തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇവര്‍ മുംബയില്‍ തന്റെ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.
 
പോയ വര്‍ഷം ബോളിവുഡില്‍ തരംഗമായ ആഷിഖി-2 എന്ന ചിത്രത്തിലെ ‘സുന്‍ രഹാ ഹെ ന‘ എന്ന ഗാനത്തിലൂടെയാണ് അങ്കിത് മികച്ച ഗായകരുടെ നിരയിലേക്കുയര്‍ന്നത്. അതേസമയം പ്രശസ്തിയിലേക്ക് ഉയരുന്നതിനിടയില്‍ താരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസിന് പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക