ലിബിയയിലേക്ക് പ്രത്യേക വിമാന സര്‍വീസ്

ശനി, 26 ഫെബ്രുവരി 2011 (09:46 IST)
PRO
ലിബിയയില്‍ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച മുതല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് ട്രിപ്പോളി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ലിബിയന്‍ അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്. അടുത്ത 10 ദിവസത്തേക്കാണു ഈ വിമാനങ്ങള്‍ ട്രിപ്പോളിയിലേക്ക് ദിവസവും സര്‍വീസ് നടത്തുക.

നൂറുകണക്കിനാളുകളെ ഒരു വിമാനത്തില്‍ തിരിച്ചു കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ലിബിയയിലേക്കുള്ള കപ്പല്‍ സര്‍വീസുകള്‍ ഞായറാഴ്ച ആരംഭിക്കും. ‘ഐഎന്‍എസ് ജലാശ്വ', ‘സ്കോട്ടിയ പ്രിന്‍സ്' എന്നീ കപ്പലുകളായിരിക്കും കടല്‍ മാര്‍ഗമുള്ള യാത്രയ്ക്ക് ഉപയോഗിക്കുക.

ബെന്‍ഗാസി തുറമുഖത്തുനിന്നു 1200 പേരെ വീതം ഓരോ കപ്പലിലും തിരിച്ചെത്തിക്കാന്‍ സാധിക്കും. 18,000 ഇന്ത്യക്കാര്‍ ലിബിയയിലുണ്ടെന്നാണു കണക്ക്.

അതിനിടെ പ്രസിഡന്റ് ഗദ്ദാഫി വെള്ളിയാഴ്ച ജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. പ്രക്ഷോഭം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഗദ്ദാഫി ജനങ്ങളുടെ ഇടയില്‍ എത്തുന്നത്. കലാപം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ജനകീയ പ്രക്ഷോഭം ഇപ്പോല്‍ ട്രിപ്പോളിയിലേക്ക് വ്യാപിക്കുന്നതായാണ് സൂചന. പതിനായിരങ്ങളാണ് തെരുവില്‍ പ്രകടനം നടത്തുന്നത്. ചിലയിടങ്ങളില്‍ സൈന്യവും പ്രക്ഷോഭകരുടെ പക്ഷം ചേര്‍ന്നു. സാവിയ നഗരത്തില്‍ ബുധനാഴ്ച ഗദ്ദാഫിയെ അനുകൂലിക്കുന്ന സൈനികര്‍ 100-ല്‍ അധികം പേരെ യന്ത്രത്തോക്ക് ഉപയോഗിച്ച് വധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഗദ്ദാഫിയും കുടുംബവും ലിബിയയില്‍ തന്നെ ജീവിച്ച് മരിക്കുമെന്ന് ഗദ്ദാഫിയുടെ മകന്‍ സെയ്ഫ്- അല്‍-ഇസ്ലാം ഗദ്ദാഫി പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കലാപങ്ങള്‍ രക്തപങ്കിലമായതോടെ ലിബിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയും യൂറോപ്യന് യൂണിയനും ആലോചന തുടങ്ങി. ലിബിയയിലുള്ള അമേരിക്കക്കാരെ കഴിഞ്ഞ ദിവസം സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. യു എന്‍ യോഗം ചേര്‍ന്ന് ലിബിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഉപരോധം ഏര്‍പ്പെടുത്തണമെന്നു ഫ്രാന്‍സും ബ്രിട്ടനും ആവശ്യപ്പെട്ടിട്ടുണ്ട്. ലിബിയയുമായുള്ള ആയുധ- സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കുക, ലിബിയന്‍ നേതാക്കളെ മനുഷ്യവംശത്തിന് എതിരായുള്ള കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിചാരണ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്.

ഗദ്ദാഫിയുടെ നിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. ഗദ്ദാഫിയുമായി ബന്ധമുള്ള മറ്റ് 28 പേരുടെ അക്കൗണ്ടുകളും മരവിപ്പിക്കും.

വെബ്ദുനിയ വായിക്കുക