റെയില്‍വെ ബജറ്റ്‌ ഇന്ന്‌; നിരക്ക്‌ വര്‍ദ്ദനയ്ക്ക് സാധ്യത; പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കില്ല

വ്യാഴം, 25 ഫെബ്രുവരി 2016 (03:35 IST)
കേന്ദ്ര റയില്‍ ബജറ്റ്‌ ഇന്ന്‌ അവതരിപ്പിക്കും. പുതിയ് പദ്ധതികള്‍ക്ക് പകരം റയില്‍വെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളാകും ഉണ്ടാവുക. അതേസമയം യാത്രാനിരക്ക്‌ അഞ്ചുമുതല്‍ 10 ശതമാനംവരെ വര്‍ധിപ്പിക്കുമെന്ന്‌ റെയില്‍ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അടിസ്‌ഥാനസൗകര്യ വികസനത്തിനാകും ഊന്നല്‍. അതിനാല്‍ കേരളത്തിന്‌ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനും സാധ്യതയില്ല. പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ നിലവിലുള്ള ട്രെയിനുകള്‍ക്കു കേരളത്തില്‍ മികച്ച രീതിയില്‍ സര്‍വീസ്‌ നടത്താന്‍ സാധിക്കുന്നില്ല. അതുകൊണ്ട്‌ അടിസ്‌ഥാന സൗകര്യം വിപുലപ്പെടുത്തിയശേഷം മതി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുക എന്നതാകും ഇത്തവണയും വകുപ്പു മന്ത്രി സുരേഷ്‌ പ്രഭുവിന്റെ നയം.
 
എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളത്തിന് ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പാത ഇരട്ടിപ്പിക്കല്‍, ഗേജ്‌ മാറ്റം, വൈദ്യുതീകരണം എന്നീ രംഗത്ത്‌ സഹായമുണ്ടാവും. നിലവില്‍ കേരളം ഉള്‍പ്പെടെയുള്ള ഏതാനും സംസ്‌ഥാനങ്ങള്‍ റെയില്‍വേയുമായി സംയുക്‌ത സംരംഭം ആരംഭിച്ചിട്ടുണ്ട്‌. പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കാനും ഭൂമി ഏറ്റെടുക്കാനും ഇതുവഴി അതതു സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു കഴിയും.
 
കഴിഞ്ഞതവണ ചരക്കു സേവനനികുതി കൂട്ടിയതിനാല്‍ ഇപ്രാവശ്യം ഈരംഗത്ത്‌ വര്‍ധനയുണ്ടാവില്ല. യാത്ര, ചരക്ക്‌ വരുമാനത്തില്‍ വന്ന കുറവും ശമ്പളയിനത്തില്‍ 32,000 കോടിരൂപയുടെ അധികച്ചെലവും വന്നതാണ്‌ നിരക്കുവര്‍ധനയ്‌ക്ക്‌ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്നാണു സൂചന.
 

വെബ്ദുനിയ വായിക്കുക