റിസര്‍വ് ബാങ്ക് ജീവനക്കാരന്‍ ഭാര്യയെ കൂട്ടബലാല്‍സംഗം ചെയ്യാന്‍ വിട്ടു കൊടുത്തു; കാഴ്ച വെച്ചത് സ്ഥാനക്കയറ്റത്തിനു വേണ്ടി!

തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2013 (12:50 IST)
PRO
PRO
റിസര്‍വ് ബാങ്ക് ജീവനക്കാരന്‍ സ്ഥാനക്കയറ്റത്തിനു വേണ്ടി ഭാര്യയെ മേലുദ്യോഗസ്ഥര്‍ക്ക് കൂട്ടബലാല്‍സംഗം ചെയ്യാന്‍ വിട്ടു കൊടുത്തു. മധ്യപ്രദേശിലെ ഖര്‍ഗാണ്‍ നിവാസിയായ വീട്ടമ്മയെയാണ് ഭര്‍ത്താവ് കാഴ്ച വെച്ചത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭുപേന്ദ്ര നിമ്മാദെയാണ് സ്വന്തം ഭാര്യയെ മേലുദ്യോഗസ്ഥര്‍ക്ക് കൂട്ടബലാല്‍സംഗം ചെയ്യാന്‍ കാഴ്ച വെച്ചത്. തലസ്ഥാന നഗരത്തിലേക്ക് പ്രമോഷനോടു കൂടിയ സ്ഥലം മാറ്റത്തിനു വേണ്ടയായിരുന്നു ഇതെന്ന് ഹബീബ് ഗഞ്ജ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഭാര്യ വെളിപ്പെടുത്തി. മഹിളാ ഉദ്പിദാന്‍ മോര്‍ച്ച എന്ന വനിതാ സംഘടനയുടെ സഹായത്തോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. പൊലീസിനെ സമീപിച്ചതോടെയാണ് 12 വര്‍ഷം നീണ്ട ഞെട്ടിക്കുന്ന ലൈംഗിക പീഡനങ്ങളുടെ വിവരങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ ഭര്‍ത്താവിനും മറ്റ് ആറു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

2013ല്‍ ഭോപ്പാലിലെ ക്വാര്‍ട്ടേഴ്സിലേക്ക് താമസം മാറിയ തന്നെ പതിദാറും സുഹൃത്തുക്കളും നിരവധി തവണ കൂട്ട ബലാല്‍സംഗം ചെയ്തെന്ന് യുവതി പരാതിയില്‍ പറയുന്നു. പെണ്‍മക്കളും ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് സംശയമുണ്ട്. എന്നാല്‍, പിതാവിനെ ഭയന്ന് ഒരിക്കല്‍ പോലും കുട്ടികള്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല. മക്കള്‍ക്ക് ആരോഗ്യ പരിശോധന നടത്തണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

എതിര്‍ത്തു നിന്ന ഭാര്യയ്ക്ക് നിര്‍ബന്ധിച്ച് ഉറക്ക ഗുളികകള്‍ നല്‍കിയായിരുന്നു പീഡനം. പ്രകൃതിവിരുദ്ധ പീഡനത്തിന് പോലും ഇവരെ ഇരയാക്കി. നിരന്തര പീഡനങ്ങള്‍ പുറത്തുപറയാന്‍ ശ്രമിച്ചപ്പോഴൊക്കെ ഭാര്യയ്ക്ക് ഭ്രാന്താണെന്ന് പ്രചരിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടു. കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഭാര്യ വിഷാദ രോഗത്തിന് അടിപ്പെടാന്‍ തുടങ്ങിയതോടെയാണ് അവര്‍ക്ക് ഭ്രാന്താണെന്ന കഥ ഇയാള്‍ ബന്ധുക്കള്‍ക്കിടയില്‍ പറഞ്ഞു പരത്തിയത്. ചെറുത്തു നില്‍പ്പ് തുടര്‍ന്നാല്‍,പെണ്‍മക്കളെ വേശ്യാലയത്തില്‍ വില്‍ക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

റിസര്‍വ് ബാങ്കില്‍ പ്യൂണായ ഭുപേന്ദ്ര 2000ലാണ് ഭവാനി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തത്. മദ്യപിച്ച് ഭാര്യയെ തല്ലിച്ചതക്കുന്ന സ്വഭാവമുള്ള ഇയാള്‍ വൈകാതെ സുഹൃത്തുക്കളായ നിര്‍മല്‍, യേഗേഷ് എന്നിവരെ വീട്ടിലേക്ക് വിളിച്ച് ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ വിട്ടു കൊടുത്തു. എതിര്‍ത്തപ്പോള്‍ പാലില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കുകയും ഉറക്ക മരുന്നുകള്‍ കുത്തിവെച്ച് ബോധരഹിതയാക്കുകയും ചെയ്തു. പ്രതിഷേധിച്ച യുവതിയോട് കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 2012ല്‍ റിസര്‍വ് ബാങ്ക് നിയമ ഉപദേഷ്ടാവായ ഓം പതിദാറിനെ പരിചയപ്പെട്ട ഇയാള്‍ അയാളെയും വീട്ടിലെത്തിച്ചു. ബാങ്കിലെ സഹപ്രവര്‍ത്തകരായ ശിവ്പാല്‍, സുനില്‍, അജയ് എന്നിവരെയും ഇയാള്‍ വീട്ടില്‍ കൊണ്ടു വന്നു.

സ്ഥാനക്കയറ്റം നല്‍കാനും ഭോപ്പാലിലേക്ക് സ്ഥലം മാറ്റാനും തയ്യാറാണെങ്കില്‍ ഭാര്യയെ കാഴ്ചവെയ്ക്കാമെന്ന് ഇയാള്‍ പതിദാറിനും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഉറപ്പു നല്‍കിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പതിദാര്‍ ഇടപെട്ട് പ്യൂണിന് മുകളിലുളള ജനറല്‍ അസിസ്റ്റന്റ് പോസ്റ്റിലേക്ക് ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഭോപ്പാലിലേക്ക് സ്ഥലംമാറ്റം നല്‍കുകയും ചെയ്തു. ഭോപ്പാല്‍ അരേരാ കോളനിയിലെ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ക്ക് വീട് അനുവദിക്കുകയും ചെയ്തു. വീടുവെയ്ക്കാന്‍ സൌജന്യമായി സ്ഥലം നല്‍കാമെന്നും പതിദാര്‍ വാഗ്ദാനം ചെയ്തതായി പരാതയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക