റയില്‍വെ നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കൂലിയില്‍ 14.2 % വര്‍ദ്ധനവ്
വെള്ളി, 20 ജൂണ്‍ 2014 (17:16 IST)
സാമ്പത്തിക പരിഷ്കരണ കാര്യങ്ങളില്‍ യു പി എ സര്‍ക്കാരിന്‍റെ പാത പിന്തുടരുന്ന നിലപാടുകളുമായി എന്‍ ഡി എ സര്‍ക്കാരും. റയില്‍വെ നിരക്കുകള്‍ കുത്തനെ കൂട്ടിയിരിക്കുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍. യാത്രക്കൂലിയില്‍ 14.2 ശതമാനവും ചരക്കുകൂലിയില്‍ 6.5 ശതമാനവും വര്‍ദ്ധിപ്പിച്ചു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.
ഇന്ധനവിലയുടെ വര്‍ദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ റയില്‍വെ കനത്ത നഷ്ടത്തെ നേരിടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാരിണ്‍റെ അവസാനകാലത്ത് വിലവര്‍ദ്ധനവ് സംബന്ധിച്ച് റയില്‍വെ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ റയില്‍വെ ബോര്‍ഡിന്‍റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചിരിക്കുകയാണ് റയില്‍വെ മന്ത്രാലയം.
യു പി എ സര്‍ക്കാരിന്‍റെ കാലത്തുപോലും റയില്‍വെ നിരക്കുകള്‍ ഇത്രയും വലിയ രീതിയില്‍ ഉയര്‍ത്തിയിട്ടില്ല. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരായ നിലപാട് നരേന്ദ്രമോഡി സ്വീകരിച്ചിട്ടുണ്ട് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കുള്ള നിരക്കുകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
സാധാരണക്കാരെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ റയില്‍വെ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. മുന്‍കൂര്‍ ടിക്കറ്റെടുത്തവര്‍ പോലും യാത്രാസമയത്ത് പുതിയ നിരക്കിലുള്ള ചാര്‍ജ് അധികമായി നല്‍കേണ്ടിവരും.
ഇന്ധനവിലയുടെ ക്രമാതീതമായ വര്‍ദ്ധനവ് മൂലം റയില്‍വെയുടെ ചെലവ് 90 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു. അതിനനുസരിച്ചുള്ള വരുമാനം റയില്‍വെയ്ക്ക് ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഇപ്പോള്‍ റയില്‍വെ നിരക്കുകള്‍ കുത്തനെ കൂട്ടിയത്.