രാഷ്ട്രത്തിന്റെ പ്രഥമ പൗരനായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചൊവ്വ, 25 ജൂലൈ 2017 (12:58 IST)
ഇന്ത്യയുടെ പ്രഥമ പൗരനായി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹാറാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യയുടെ 14–മത് രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഈ ഒരു സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അധികാരമേറ്റെടുത്ത ശേഷം രാംനാഥ് കോവിന്ദ് പറഞ്ഞു.
 
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ടപതി ഡോ ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി മുഖ്യമന്ത്രിമാര്‍, എംപിമാര്‍, വിവിധ പാര്‍ട്ടിയുടെ നേതാക്കള്‍, മറ്റു വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. 
 
ഡോ. എസ് രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി എന്നിങ്ങനെയുള്ളവര്‍ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് രാംനാഥ് പറഞ്ഞു. രാവിലെ രാജ്ഘട്ടിലെത്തിയ ഗാന്ധി സമാധിയിൽ അദ്ദേഹവും ഭാര്യയും പുഷ്പാർച്ചന നടത്തി. പിന്നീട് മിലിട്ടറി സെക്രട്ടറിയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്.  

വെബ്ദുനിയ വായിക്കുക