രാമസേന ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. കേന്ദ്രസര്‍ക്കാര്‍ ഈ സംഘടനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു. കൊല്ലത്ത് നീണ്ടകരയില്‍ കേരളത്തിലെ ആദ്യ തീരദേശ പൊലീസ് സ്റ്റേഷന്‍റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം.
മംഗലാപുരത്ത് പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കരുതുന്ന രാമസേനയ്ക്ക് എതിരെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതായും ചിദംബരം പറഞ്ഞു.
സംഘടന ഇപ്പോള്‍ തന്നെ അതിരുകള്‍ ലംഘിച്ചിരിക്കുന്നു. ആര്‍ക്കും സ്വയം പൊലീസാവാനുള്ള അനുവാദം നല്‍കില്ല. ആര് എന്ത് കഴിക്കണം, എവിടെ പോകണം, എന്ത് ധരിക്കണം എന്നൊന്നും പറയാന്‍ അവര്‍ക്ക് അധികാരമില്ല എന്നും ചിദംബരം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കര്‍ണാടക സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നോ എന്ന് നിരീക്ഷിച്ച ശേഷം മാത്രമേ കേന്ദ്രം സംഘടനയെ നിരോധിക്കണോ വേണ്ടയോ എന്ന കാര്യം പരിഗണിക്കുകയുള്ളൂ എന്ന് ചിദംബരം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.