രാമക്ഷേത്രനിര്‍മാണത്തിന് രാജ്‌നാഥ് സിംഗിന്റെ പിന്തുണ
ബുധന്‍, 6 ഫെബ്രുവരി 2013 (20:52 IST)
PRO
PRO
അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് പിന്തുണയുമായി ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ്‌സിംഗ് രംഗത്ത്. അലഹാബാദില്‍ കുംഭമേളയ്ക്കിടെ സംഘ്പരിവാര്‍ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ്‌നാഥ് സിംഗ് നിലപാട് വ്യക്തമാക്കിയത്. രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ആര്‍എസ്എസും ഉറച്ചുനില്‍ക്കുകയാണ്. അയോദ്ധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടി പ്രത്യേക നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന വിശ്വഹിന്ദുപരിഷത്തിന്റെ മുന്നറിയിപ്പുകള്‍ക്കിടെയാണ് ബിജെപി അധ്യക്ഷന്റെ പ്രസ്താവന.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഹിന്ദുദേശീയത പ്രചരണവിഷയമാക്കാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞു എന്ന സൂചന കൂടിയാണ് രാജ്‌നാഥ് സിംഗ് നല്‍കിയത്. രാമക്ഷേത്രനിര്‍മ്മാണം സന്ദേഹങ്ങളേതുമില്ലാത്ത ആവശ്യമാണ്. ബിജെപിയുടെ തീവ്രമായ ആഗ്രഹം തന്നെയാണത്. ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രാര്‍ഥിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാനും രാജ്‌നാഥ് സിംഗ് മറന്നില്ല. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വേണ്ടി പ്രക്ഷോഭം നടത്തേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്ന് വിശ്വഹിന്ദുപരിഷത് നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് കൂട്ടപ്രാര്‍ഥനകള്‍ നടത്താനും തീരുമാനമുണ്ട്. രാമക്ഷേത്രം സംബന്ധിച്ച് അന്തിമ തീരുമാനം ജനങ്ങളുടെ കോടതിയുടോതാവണം എന്നാണ് വിഎച്ച്പിയുടെ നിലപാട്. ഇക്കാര്യത്തില്‍ സമാന നിലപാട് സ്വീകരിച്ച് ശക്തമായ നടപടികളുമായി ആര്‍എസ്എസും സജീവമായിട്ടുണ്ട്.