രാമക്ഷേത്രം: ഗഡ്കരിക്കെതിരെ താക്കറെ

ശനി, 20 ഫെബ്രുവരി 2010 (15:01 IST)
PTI
ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി രാമക്ഷേത്ര നിര്‍മ്മാണത്തിന് മുസ്ലീം സമുദായത്തിന്റെ സഹകരണം ആവശ്യപ്പെട്ടതിനെതിരെ ബാല്‍ താക്കറെ രംഗത്ത്. ഗഡ്കരിയുടെ സമീപനം രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജീവന്‍ ബലികഴിച്ച നൂറ് കണക്കിന് കര്‍സേവകരെ അപമാനിക്കലാണെന്ന് താക്കറെ അഭിപ്രായപ്പെട്ടു.

മുസ്ലീങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് വിശാല മനസ്കത കാണിക്കണം എന്ന ഗഡ്കരിയുടെ ആവശ്യപ്പെടല്‍ അയോധ്യാ പ്രശ്നത്തില്‍ രക്തസാക്ഷികളായ നൂറ് കണക്കിന് കര്‍സേവകരെ അപമാനിക്കലാണ്, ശിവസേന മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയല്‍ ലേഖനത്തിലാണ് താക്കറെ ഗഡ്കരിക്ക് എതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

മുസ്ലീങ്ങള്‍ക്കാണ് രാജ്യത്തിന്റെ വിഭവങ്ങള്‍ക്ക് മേലുള്ള പ്രഥമ അവകാശമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പറയുന്നു, അതിനോട് 80 കോടി ഹിന്ദുക്കള്‍ സഹിഷ്ണുത പുലര്‍ത്തുകയും ചെയ്യുന്നു. മുസ്ലീങ്ങള്‍ക്ക് എല്ലാമുണ്ട് എന്നാല്‍ ഹിന്ദുക്കള്‍ക്ക് അവരുടെ രാമക്ഷേത്രം പോലുമില്ല. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഹിന്ദുക്കള്‍ മുസ്ലീങ്ങളോട് അപേക്ഷിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു, താക്കറെയുടെ പ്രകോപനപരമായ ലേഖനത്തില്‍ പറയുന്നു.

ഗഡ്കരി മുസ്ലീങ്ങളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍, ഇന്ത്യയിലെ മുസ്ലീങ്ങളെ നിയന്ത്രിക്കുന്നത് പാകിസ്ഥാനിലെ ജിഹാദി നേതൃത്വമാണ്. എന്തു ചെയ്യണമെന്നും എങ്ങനെ പ്രതികരിക്കണം എന്നും അവര്‍ തീരുമാനിക്കും.

മുസ്ലീങ്ങളുടെ അനുവാദം വാങ്ങുകയാണെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണം പ്രധാന അജന്‍ഡയാക്കുന്നത് എന്തിനാണെന്നും രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഭൂമിക്കായി ഹിന്ദുക്കള്‍ ജമാ മസ്ജിദിലെ ഇമാമിന്റെ കാലില്‍ വീണാല്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നും പരിഹാസ രൂപേണ പറയുന്ന ലേഖനത്തില്‍ രാമക്ഷേത്രത്തിനായി ഹിന്ദുക്കള്‍ രക്തം ചൊരിഞ്ഞ കാര്യം ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക