രാജ്യസഭ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച

ഞായര്‍, 19 ഏപ്രില്‍ 2015 (16:09 IST)
സംസ്ഥാനത്ത് ഒഴിവുവന്ന മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. യു ഡി എഫുമായി ഇടഞ്ഞു നില്‍ക്കുന്ന പി സി ജോര്‍ജും കെ ബി ഗണേഷ് കുമാറും എന്ത് നിലപാട് സ്വീകരിക്കും എന്നാണ് രാഷ്‌ട്രീയകേരളം ഉറ്റു നോക്കുന്നത്.
 
യു ഡി എഫില്‍ നിന്ന് കോണ്‍ഗ്രസിലെ വയലാര്‍ രവിയും മുസ്ലിംലീഗിലെ പി വി അബ്‌ദുള്‍ വഹാബും ആണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.  ഇടതുമുന്നണിക്ക് ജയിക്കാന്‍ കഴിയുന്ന സീറ്റില്‍ സി പി എമ്മിലെ കെ കെ  രാഗേഷും രണ്ടാം സീറ്റില്‍ സി പി ഐയിലെ കെ രാജനും ആണ് മത്സരിക്കുന്നത്.
 
നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയടക്കം ആകെ അംഗബലം 141 ആണ്. എന്നാല്‍, ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ സഭയില്‍ ഇപ്പോഴത്തെ അംഗബലം 140.  എന്നാല്‍, ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിക്ക് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല. 
 
അതിനാല്‍, വോട്ടവകാശം ഉള്ളത് 139 അംഗങ്ങള്‍ക്ക്. ഇതില്‍ 35 വോട്ട് കിട്ടുന്നവരാണ് ജയിക്കുക. യു ഡി എഫിന് ആകെ 73 പേരുടെ പിന്തുണയുണ്ട്. 

വെബ്ദുനിയ വായിക്കുക