രാജീവ് വധം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവ്; തമിഴ്നാടിന്റെ നീക്കം നിയമവിരുദ്ധം: പ്രധാനമന്ത്രി

വ്യാഴം, 20 ഫെബ്രുവരി 2014 (11:57 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. രാജീവിന്റെ ഘാതകരെ മോചിപ്പിക്കാനുള്ള നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. തീരുമാനം നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജീവ് വധം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണ്. നമ്മുടെ സമുന്നതനായ നേതാവിനെയും നിഷ്കളങ്കരായ ഇന്ത്യക്കാരെയും കൊലപ്പെടുത്തിയവരെ മോചിപ്പിക്കുന്നത് നീതീകരിക്കാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു.

മോചനകാര്യം തമിഴ്നാടിന് മാത്രമായി തീരുമാനിക്കാനാവില്ല. അത് നിയമപരമായി നിലനില്‍ക്കില്ല. തീവ്രവാദത്തോട് ഒരു പാര്‍ട്ടിയും സര്‍ക്കാരും മൃദുസമീപനം സ്വീകരിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെ മോചിപ്പിക്കാനാണ് ജയലളിത സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പ്രതികളെ വിട്ടയക്കാനുള്ള ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം അറിയിക്കണമെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വൈകിയാല്‍ സ്വന്തം അധികാരം ഉപയോഗിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

വെബ്ദുനിയ വായിക്കുക