രാജീവ് ഗാന്ധി വധക്കേസ്: മൊഴി തിരുത്തിയതായി സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍
തിങ്കള്‍, 25 നവംബര്‍ 2013 (21:12 IST)
PRO
PRO
രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ മൊഴി തിരുത്തിയതായി കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പീപ്പ്ള്‍സ് മൂവ്മെന്‍റ് എഗന്‍സ്റ്റ് ഡത്ത് പെനാല്‍റ്റി (പിഎംഎഡിപി) എന്ന സംഘടന ശനിയാഴ്ച ചെന്നൈയില്‍ റിലീസ് ചെയ്ത ഡോക്യുമെന്‍ററിയിലാണ് റിട്ട എസ് പി: വി ത്യാഗരാജന്റെ വെളിപ്പെടുത്തലുള്ളത്.
പേരറിവാളന് വധശിക്ഷ ലഭിക്കാന്‍ കാരണമായത് മൊഴിയില്‍ താന്‍ വരുത്തിയ തിരുത്തു മൂലമാണ്. കേസിന് ബലം നല്‍കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍, പേരറിവാളന്‍ എന്ന അറിവിന്റെ ഭാവി ഇങ്ങനെ ആയിത്തീരുമെന്ന് കരുതിയിരുന്നില്ല. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ബാറ്ററികള്‍ കേസിലെ മുഖ്യ പ്രതി ശിവരശന് നല്‍കിയത് താനാണെന്നാണ് പേരറിവാളന്റേതായി കുറ്റപത്രത്തിലുള്ള മൊഴി. ശിവരശന്‍ ബാറ്ററികള്‍ ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചതായി അറിയാമെന്നും മൊഴിയിലുണ്ട്. കുറ്റപത്രത്തിലെ തിരുത്തിയ മൊഴി നിര്‍ണായക തെളിവായി കണക്കാക്കിയാണ് കോടതി പേരറിവാളന് ശിക്ഷ വിധിച്ചത്.
എന്നാല്‍, ബാറ്ററി ശിവരശന് നല്‍കി എന്ന് മാത്രമാണ് പേരറിവളന്‍ പറഞ്ഞിരുന്നത്. അത് ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചു എന്ന് അറിയാം എന്ന് താന്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് എസ്.പി. ത്യാഗരാജന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. കൊലപാതകം നടക്കുമെന്ന് പേരറിവാളന് അറിയാമായിരുന്നില്ല.
1991ല്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതേ വര്‍ഷം ആഗസ്റ്റിലാണ് പേരറിവാളന്‍െറ മൊഴി രേഖപ്പെടുത്തുന്നത്. അന്ന് 19 വയസ്സുണ്ടായിരുന്ന പേരറിവാളന്‍ 22 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. മുരുകന്‍, ശാന്തന്‍ എന്നിവരാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് രണ്ട് പേര്‍. മറ്റൊരു പ്രതിയും മുരുകന്‍െറ ഭാര്യയുമായ നളിനി ജീവ പര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ്.