രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് നളിനി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ജയിലില്‍ നിന്ന് ഇന്ന് രാവിലെയോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ എട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് പരോൾ. നളിനിയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ സമയത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
1991 മേയ് 21ന് ശ്രീപെരുംപുത്തൂരിലെ ചാവേർ സ്‌ഫാടനത്തിലാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. രാജീവ്‌ഗാന്ധി വധക്കേസ് വിചാരണ നടന്ന പൂനമല്ലി പ്രത്യേക കോടതി പ്രതിപ്പട്ടികയിലുള്ള 26 പേർക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് കേസ് പരിഗണിച്ച സുപ്രീം കോടതി ഏഴുപേരുടേത് ഒഴികെ 19 പ്രതികളുടെ ശിക്ഷ റദ്ദാക്കി. മുരുകൻ, ഭാര്യ നളിനി, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് 1999 മേയ് 11നു സുപ്രീം കോടതി തൂക്കുമരം വിധിച്ചു, ജയകുമാർ, റോബർട്ട് പയസ് രവിചന്ദ്രൻ എന്നിവർക്ക് ജീവപര്യന്തവും. നിരന്തരമായ ദയാപേക്ഷയ്‌ക്കൊടുവിൽ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കാൻ 2000 ഏപ്രിൽ 21നു സംസ്‌ഥാന സർക്കാർ തയ്യാറായി.