എം.ജി.ആര്‍, ജയലളിത തുടങ്ങിയ സിനിമാതാരങ്ങള്‍ക്ക് ശേഷം സെല്ലുലോയ്‌ഡിലെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തമിഴ്‌നാട് മുഖ്യമന്ത്രിയാകേണ്ടതായിരുന്നു!. എന്നാല്‍, അദ്ദേഹം ഇതിനുള്ള ക്ഷണം നിരസിക്കുകയായിരുന്നു.
ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ചാണക്യനായിരുന്ന മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു രജനി കാന്തിനെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കുവാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഈയിടെ പുറത്തിറങ്ങിയ രജനിയുടെ ജീവചരിത്രമായ ‘ദി നെയിം ഈസ് രജനികാന്തി‘ല്‍ വിവരിച്ചത് ആരാധകരെ അദ്‌ഭുതപ്പെടുത്തിയിരിക്കുകയാണ്.
1995 ല്‍ തമിഴ്നാട് ഭരിച്ചിരുന്ന എഐഎഡിഎംകെ മുഖ്യമന്ത്രി ജയലളിതയുടെ പ്രവര്‍ത്തന ശൈലിയെ രജനി വിമര്‍ശിച്ചിരുന്നു. ഇത് രജനി രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന നല്‍കിയിരുന്നു. രജനി ഈ വേളയില്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു രജനിയെ തമിഴ്നാട് മുഖ്യമന്ത്രിയാവാന്‍ നിര്‍ബന്ധിച്ചു. ഈ ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോണ്‍ഗ്രസ് രജനിയെ അറിയിച്ചിരുന്നു.
എന്നാല്‍, ഈ വിഷയത്തെക്കുറിച്ച് ആലോചിക്കുവാന്‍ രജനി കുറച്ച് സമയം ആവശ്യപ്പെട്ടു. ആ സമയത്ത്, റാവു രജനിയുമായി ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്തുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ രജനി സ്‌നേഹപൂര്‍വം ഈ ക്ഷണം നിരസിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രജനി ജികെ മൂപ്പനാരുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു.