‘രക്തചരിത്ര’ആവര്‍ത്തിക്കുന്നു. തെലുങ്ക് രാഷ്ട്രീയത്തെ ഇളക്കിമറിച്ച പരിതല രവിയുടെ വധക്കേസിലെ മുഖ്യപ്രതിയായ മഡേലച്ചെരുവ് സൂര്യനാരായണ റെഡ്ഡി എന്ന സൂരിക്ക് വെടിയേറ്റു. സൂരിയുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. സൂരി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം.
അനന്തപൂരിലെ വിമതനേതാവായ സൂരിക്ക് നേരെ അജ്ഞാതരായ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് വെടിയുണ്ടകള്‍ സൂരിയുടെ ശരീരത്തില്‍ തുളച്ചുകയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയിലും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലാക്കി. അദ്ദേഹം മരിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടുണ്ട്.
സൂരിയുടെ ജന്‍മനാടായ അനന്തപൂരില്‍ പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു. 20 പേരടങ്ങുന്ന സംഘമാണ് സൂരിയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഒരു അഭിഭാഷകനെ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്കുമടങ്ങുകയായിരുന്ന സൂരിയുടെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
2005 ജനുവരി 24നാണ് ടി ഡി പി നേതാവ് പരിതല രവി കൊല്ലപ്പെടുന്നത്. ഈ പ്രമേയമാണ് ‘രക്തചരിത്ര’ എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ സിനിമയാക്കിയത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയാണ് സൂരിയെ സിനിമയില്‍ അവതരിപ്പിച്ചത്.